ദില്ലി: മുഹമ്മദ് നബിക്കെതിരായ പരാമർശത്തിൽ അറസ്റ്റിൽ നിന്ന് സംരക്ഷണം ആവശ്യപ്പെട്ട് നൂപുർ ശർമ സുപ്രീംകോടതിയെ സമീപിച്ചു. ഹർജി ഇന്ന് കോടതി പരിഗണിക്കും. രാജ്യത്തിന്റെ വിവിധയിടങ്ങളിലായി 9 എഫ്ഐആറുകളാണ് നൂപുർ ശർമ്മയ്ക്കെതിരെയുള്ളത്. നബി വിരുദ്ധ പരാമർശം നടത്തിയ ബിജെപി മുൻ വക്താവ് നൂപുർ ശർമ്മയെ നേരത്തേ സുപ്രീംകോടതി രൂക്ഷ ഭാഷയിൽ വിമർശിച്ചിരുന്നു. നൂപുർ ശർമ്മ രാജ്യത്തോട് മാപ്പുപറയണമെന്ന് കോടതി ആവശ്യപ്പെട്ടിരുന്നു. വിമർശനം ഉയർത്തിയ ജസ്റ്റിസ് സൂര്യ കാന്ത്, ജെ ബി പർദ്ദി വാലാ എന്നിവരടങ്ങിയ അതെ ബെഞ്ചാണ് കേസ് ഇന്ന് പരിഗണിക്കുക.
കോടതിയുടെ പരിഗണനയിലുള്ള ഗ്യാന്‍വാപി കേസില്‍ എന്തുകൊണ്ട് ടെലിവിഷന്‍ ചര്‍ച്ചക്ക് പോയെന്നും സുപ്രീംകോടതി ചോദിച്ചിരുന്നു. പാര്‍ട്ടി വക്താവെന്നാന്‍ എന്തും വിളിച്ചു പറയാനുള്ള ലൈസന്‍സല്ല. ഉത്തരവാദിത്തം മറന്ന് പ്രകോപനമുണ്ടാക്കാനാണ് നൂപുര്‍ ശര്‍മ്മ ശ്രമിച്ചതെന്നാണ് കോടതിയുടെ കുറ്റപ്പെടുത്തല്‍. പ്രസ്താവന പിന്‍വലിച്ച് ഖേദം പ്രകടിപ്പിച്ചുവെന്ന് നുപുര്‍ ശര്‍മ്മയുടെ അഭിഭാഷകന്‍ പറഞ്ഞു. എന്നാല്‍, മാപ്പ് പറയാൻ വൈകി പോയെന്നും ടെലിവിഷനിലൂടെ രാജ്യത്തോട് മാപ്പ് പറയണമായിരുന്നുവെന്നും കോടതി പറഞ്ഞിരുന്നു.