ദില്ലി: പ്രതിരോധ സേനയിലേക്കുള്ള അഗ്‌നിപഥ് റിക്രൂട്ട്മെന്‍റ് സ്‌കീമിനെ ചോദ്യം ചെയ്തുള്ള ഹര്‍ജികള്‍ സുപ്രീം കോടതി ഇന്ന് പരിഗണിക്കും. ജസ്റ്റിസുമാരായ ഡി വൈ ചന്ദ്രചൂഡ്, എ എസ് ബൊപ്പണ്ണ, സൂര്യ കാന്ത് എന്നിവർ അടങ്ങുന്ന ബെഞ്ചാണ് ഹര്‍ജി പരിഗണിക്കുന്നത്.പദ്ധതിക്കെതിരെ കോടതിക്ക് മുൻപാകെ എത്തിയ ഹർജികൾ ഒന്നിച്ചാകും പരിഗണിക്കുക. അഭിഭാഷകനായ എം എൽ ശർമ്മ, വിശാൽ തിവാരി എന്നിവരും ഹർജികൾ നൽകിയിട്ടുണ്ട്.
പദ്ധതിയെ കുറിച്ച് പഠിക്കാൻ സമിതിയെ നിയോഗിക്കണമെന്നാണ് വിശാൽ തിവാരിയുടെ ഹർജിയിലെ ആവശ്യം. ഹർജികളിൽ തീരുമാനമെടുക്കുന്നതിന് മുൻപ് കേന്ദ്ര സർക്കാരിന്‍റെ ഭാഗം കേൾക്കണമെന്നാവശ്യപ്പെട്ട് സർക്കാരും കോടതിയിൽ അപേക്ഷ നൽകിയിട്ടുണ്ട്.ഇന്ത്യന്‍ പ്രതിരോധ സേനയിലേക്ക് 4 വര്‍ഷത്തെക്ക് നിയമനം നല്‍കുന്ന അഗ്‌നിപഥ് പദ്ധതിക്കെതിരെ രാജ്യവ്യാപകമായി പ്രതിഷേധം നേരത്തെ ഉയര്‍ന്നിരുന്നു