കണ്ണൂര്‍: ഒരാള്‍ക്ക് മങ്കിപോക്സ് സ്ഥിരീകരിച്ചതോടെ കണ്ണൂരില്‍ ജാഗ്രത ശക്തമാക്കി ആരോഗ്യവകുപ്പ്. രോഗിയുടെ കുടുംബാംഗങ്ങളും ഒരു ടാക്സി ഡ്രൈവറും നിരീക്ഷണത്തിലാണ്. ചികിത്സയിലുള്ളയാൾക്ക് കൂടുതൽ ആളുകളുമായി സമ്പർക്കമുണ്ടോ എന്ന് അറിയാനുള്ള നടപടികൾ ആരോഗ്യ വകുപ്പ് ഊർജ്ജിതമാക്കിയിട്ടുണ്ട്. സമ്പർക്കത്തിലുള്ളവർക്ക് എന്തെങ്കിലും ലക്ഷണങ്ങൾ ഉണ്ടോയെന്ന കാര്യവും നിരീക്ഷിച്ച് വരികയാണ്. രോഗിയുടെ ആരോഗ്യനില തൃപ്തികരമാണെന്ന് പരിയാരം മെഡിക്കൽ കോളജ് സൂപ്രണ്ട് ഡോ. കെ സുദീപ് പറഞ്ഞു.
ജൂലായ് 13 ന് ഉച്ചക്ക് ദുബായിയിൽ നിന്ന് മംഗളൂരുവിൽ വിമാനമിറങ്ങിയ യുവാവിന് നേരിയ പനിയും അസ്വസ്ഥത ഉണ്ടായതിനെ തുടര്‍ന്ന് ടാക്സിയിലാണ് പയ്യന്നൂരിലെ വീട്ടിലേക്ക് എത്തിയത്. ത്വക്കിൽ പോളകൾ കണ്ടതിനെ തുടർന്ന് ജൂലായ് 14 ന് രാവിലെ സ്വന്തം ബൈക്കിൽ പയ്യന്നൂരെ ചർമരോഗ വിദഗ്ദനെ കണ്ടു. പിന്നാലെ രോഗം സംശയിക്കുന്നുണ്ടെന്ന് ആരോഗ്യ വകുപ്പ് അധികൃതരെ അറിയിച്ചു. തുടര്‍ന്ന് മെഡിക്കൽ കോളേജ് ആശുപത്രിയിലെ ഐസൊലേഷൻ വാർഡില്‍ നിരീക്ഷണത്തില്‍ പ്രവേശിച്ചു.രോഗം സ്ഥിരീകരിച്ചതോടെ യുവാവിന്‍റെ ഭാര്യ, രണ്ട് മക്കൾ, അമ്മ, ടാക്സി ഡ്രൈവർ എന്നിവർ ഇപ്പോൾ നിരീക്ഷണത്തിലാണ്. ഇയാള്‍ സഞ്ചരിച്ച വിമാനത്തിൽ 12 കണ്ണൂർ സ്വദേശികളും കാസർകോഡ് സ്വദേശികളുമുണ്ടായിരുന്നു. ഇവർക്ക് യുവാവുമായി സമ്പർക്കമില്ലെന്നാണ് വിവരം.