ദില്ലി: മത,ഭാഷ ന്യൂനപക്ഷങ്ങളുടെ നിർണ്ണയം സംസ്ഥാന അടിസ്ഥാനത്തിലായിരിക്കണം എന്ന സുപ്രധാന നിരീക്ഷണവുമായി സുപ്രീംകോടതി. ഒരു സംസ്ഥാനത്തെ ഭൂരിപക്ഷമായ സമുദായത്തിന് ദേശീയ കണക്കുകളുടെ പേരിൽ മാത്രം ന്യൂനപക്ഷങ്ങളുടെ അവകാശം നൽകാൻ കഴിയില്ലെന്നും കോടതി നിരീക്ഷിച്ചു. ഹിന്ദുക്കളെ ചില സംസ്ഥാനങ്ങളിൽ ന്യൂനപക്ഷമായി കണക്കാക്കണം എന്ന ഹർജിയിലാണ് കോടതിയുടെ പരാമർശം.
ഇന്ത്യയിലെ ആറു സംസ്ഥാനങ്ങളിലും മൂന്ന് കേന്ദ്രഭരണ പ്രദേശങ്ങളിലും ഹിന്ദുക്കൾ ന്യൂനപക്ഷമാണെന്ന് ചൂണ്ടിക്കാട്ടി നൽകിയ ഹർജിയിലാണ് കോടതിയുടെ ഈ നിരീക്ഷണം. ഹിന്ദുക്കൾ ന്യൂനപക്ഷമായ ഇടങ്ങളിൽ അവരെ ന്യൂനപക്ഷമായി കണക്കാക്കണം എന്നാണ് ഹർജിയിലെ ആവശ്യം. ഇക്കാര്യത്തിൽ കണക്കുകൾ നൽകാനാണ് ഹർജിക്കാരോട് കോടതി നിർദ്ദേശിച്ചത്. മേഘാലയ, മിസോറാം, അരുണാചൽ പ്രദേശ്, മണിപ്പൂർ, നാഗാചാൻജ്, പഞ്ചാബ് എന്നീ സംസ്ഥാനങ്ങളിലും ലക്ഷദ്വീപ് ലഡാക്ക് ജമ്മുകശ്മീർ എന്നീ കേന്ദ്രഭരണ പ്രദേശങ്ങളിലും ഹിന്ദുക്കൾ ന്യൂനപക്ഷമാണെന്നാണ് ഹർജിയിൽ ചൂണ്ടിക്കാട്ടിയത്.
ഇത്രയും സംസ്ഥാനങ്ങളിൽ ന്യൂനപക്ഷമായിട്ടും ദേശീയ പട്ടികയിൽ ഹിന്ദുക്കളെ കൂടി ഉൾപ്പെടുത്താൻ കേന്ദ്രം തയ്യാറാകുന്നില്ലെന്നും ഹർജിയിലുണ്ട്. കേസ് കേട്ട ജസ്റ്റിസ് യുയു ലളിത് അദ്ധ്യക്ഷനായ മൂന്നംഗ ബഞ്ചാണ് സംസ്ഥാന അടിസ്ഥാനത്തിൽ വേണം ന്യൂനപക്ഷങ്ങളെ നിർണ്ണയിക്കേണ്ടത് എന്ന നിരീക്ഷണം നടത്തിയത്. നാഗാലാൻഡിലും മിസോറാമിലും ക്രിസ്ത്യൻ വിഭാഗത്തിലുള്ളവരാണ് ഭൂരിപക്ഷം.
അതുകൊണ്ട് ഈ സംസ്ഥാനങ്ങളിലെ ക്രൈസ്തവ സ്ഥാപനങ്ങൾക്ക് ന്യൂനപക്ഷ പദവി അവകാശപ്പെടാൻ കഴിയില്ലെന്ന് കോടതി വാക്കാൽ പറഞ്ഞു. പഞ്ചാബിൽ സിഖ് വിഭാഗം ന്യൂനപക്ഷ അവകാശം വേണമെന്ന് വാദിച്ചാൽ അംഗീകരിക്കാനാവില്ലെന്നും കോടതി പറഞ്ഞു. എത്ര ശതമാനം വരെ ജനസംഖ്യ ഉണ്ടെങ്കിൽ ന്യൂനപക്ഷമായി കണക്കാക്കാം എന്നതുൾപ്പടെയുള്ള വിഷയങ്ങൾ കേസിൽ ഉയർന്നു വരാനാണ് സാധ്യത.