ബെംഗളൂരു: കർണാടക പിസിസി പ്രസിഡന്റ് ഡികെ ശിവകുമാറിന്റെ ഉടമസ്ഥതയിലുള്ള സ്കൂളിൽ ബോംബ് ഭീഷണി ഇ മെയിൽ അയച്ച വിദ്യാർഥിയെ ബെംഗളൂരു പൊലീസ് കസ്റ്റഡിയിലെടുത്തു. പ്രായപൂർത്തിയാകാത്ത കുട്ടിയെയാണ് കസ്റ്റഡിയിലെടുത്തത്. നിശ്ചയിച്ചിരുന്ന ചില പരീക്ഷകൾ മാറ്റിവെക്കുന്നതിന് വേണ്ടിയാണ് വിദ്യാർഥി ബോംബ് ഭീഷണി സന്ദേശം അയച്ചതെന്ന് വെസ്റ്റ് ഡിവിഷൻ ഡിസിപി ലക്ഷ്മൺ നിമ്പർഗി പറഞ്ഞു. അന്വേഷണം നടക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ആർആർ നഗറിലെ നാഷണൽ ഹിൽ വ്യൂ പബ്ലിക് സ്‌കൂളിലെ അധികൃതർക്ക് ഞായറാഴ്ച വൈകുന്നേരമാണ് ഇമെയിൽ സന്ദേശം ലഭിച്ചതെങ്കിലും തിങ്കളാഴ്ച രാവിലെയാണ് ശ്രദ്ധയിൽപ്പെട്ടത്. കർണാടക കോൺഗ്രസ് അധ്യക്ഷൻ ഡികെ ശിവകുമാറിന്റെ ഉടമസ്ഥതയിലുള്ള ഈ സ്‌കൂളിൽ ഒന്നു മുതൽ പന്ത്രണ്ടാം ക്ലാസുവരെയുള്ള 2000-ത്തോളം കുട്ടികൾ പഠിക്കുന്നു. ഭീഷണിയെ തുടർന്ന് ബോംബ് സ്‌ക്വാഡ് സ്‌കൂൾ ഒഴിപ്പിക്കുകയും സ്‌കൂൾ പരിസരത്ത് പരിശോധന നടത്തുകയും ചെയ്തിരുന്നു. ചൊവ്വാഴ്ച സ്കൂളിൽ സാധാരണ ക്ലാസുകൾ പുനരാരംഭിച്ചു.