ദില്ലി: ബിജെപി നേതാവ് പി കെ കൃഷ്ണദാസിനെതിരെയുള്ള കോടതി അലക്ഷ്യ കേസിന് അറ്റോർണി ജനറൽ അനുമതി നിഷേധിച്ചു. ഭരണഘടനയിൽ തിരുത്തൽ വേണമെന്ന ഫേസ്ബുക്ക് കുറിപ്പ് ആധാരമാക്കിയാണ് കേസിന് അനുമതി ചോദിച്ചത്. സുപ്രീംകോടതി ചീഫ് ജസ്റ്റിസിന്റെ പേരിൽ കൃഷ്ണദാസ് കളവ് പറഞ്ഞതായി കാട്ടിയാണ് ഹർജിക്കാരനും സുപ്രീം കോടതി അഭിഭാഷകനായ സുഭാഷ് എം തീക്കാടൻ കോടതിയെ സമീപിച്ചത്.
ഈ മാസം പന്ത്രണ്ടിനാണ് ഹർജി സമർപ്പിച്ചത്. ഭരണ ഘടന ഭാരതീയവൽക്കരിക്കണമെന്ന പി കെ കൃഷ്‌ണദാസിന്‍റെ ഫേസ്ബുക്ക് പോസ്റ്റിന്റെ അടിസ്ഥാനത്തിലാണ് ഹർജി സമർപ്പിച്ചത്. സ്വന്തം വാദത്തിന്റെ സാധൂകരണത്തിനായി ഇത്തരം അഭിപ്രായം സുപ്രീംകോടതി ചീഫ് ജസ്റ്റിസ് എൻ വി രമണയും പറഞ്ഞിട്ടുണ്ടെന്ന് കൃഷ്ണദാസ് ഫേസ്ബുക്കിൽ എഴുതിയിരുന്നു. എന്നാൽ, ചീഫ് ജസ്റ്റിസ് പറയാത്ത കാര്യങ്ങൾ കളവായി പറഞ്ഞെന്ന് കാട്ടിയാണ് കൃഷ്ണദാസിനെതിരായി കോടതിയലക്ഷ്യ ഹർജിക്ക് അഭിഭാഷകൻ അപേക്ഷ നൽകിയത്.
റെയിൽവേ പാസഞ്ചർ അമിനറ്റിസ് കമ്മിറ്റി ചെയർമാനും ബിജെപി ദേശീയ നിർവാഹക സമിതി അംഗവും ആയതിനാൽ ജനങ്ങളിൽ കൂടുതൽ സ്വാധീനം സൃഷ്ടിക്കുമെന്നും തെറ്റായ വിവരം കൂടുതൽ പ്രചരിക്കുമെന്നും അനുമതി ഹർജിയിൽ ഹർജിക്കാരൻ ചൂണ്ടിക്കാട്ടിയിരുന്നു. എന്നാൽ പൊതുജനങൾക്കിടയിൽ കോടതിയുടെ അന്തസിനെ ഇടിച്ചു താഴ്ത്തുന്നതൊന്നും താൻ കൃഷ്ണ ദാസിന്റെ പ്രസ്താവനയിൽ കണ്ടില്ലെന്നു അറ്റോർണി ജനറൽ കെ കെ വേണുഗോപാൽ അനുമതി നിഷേധിച്ചുള്ള മറുപടിയിൽ വ്യക്തമാക്കി.