ദില്ലി: ഇന്ത്യയുടെ പുതിയ രാഷ്ട്രപതിയാരെന്ന പ്രഖ്യാപനം നാളെ. രാവിലെ പതിനൊന്ന് മണിക്ക് പാർലമെന്‍റിലെ അറുപത്തി മൂന്നാം നമ്പർ മുറിയിലാണ് വോട്ടെണ്ണൽ തുടങ്ങുന്നത്. വൈകിട്ട് വോട്ടെണ്ണൽ പൂർത്തിയാകും. തുടർന്ന് വരണാധികാരിയായ രാജ്യസഭ സെക്രട്ടറി ജനറൽ പി സി മോദി വിജയിക്ക് സർട്ടിഫിക്കറ്റ് കൈമാറും. വോട്ടെടുപ്പ് കഴിഞ്ഞ് വിവിധ സംസ്ഥാനങ്ങളിൽ നിന്ന് ബാലറ്റു പെട്ടികൾ ദില്ലിയിൽ എത്തിക്കുന്ന നടപടി പുരോഗമിക്കുകയാണ്. ബാലറ്റ് ബോക്സ് എന്ന പേരിൽ ടിക്കറ്റെടുത്ത് യാത്രക്കാർക്കുള്ള സീറ്റിൽ വച്ചാണ് പെട്ടികൾ സംസ്ഥാനങ്ങളിൽ നിന്ന് ദില്ലിയിലേക്ക് കൊണ്ടു വന്നത്. എൻഡിഎ സ്ഥാനാർത്ഥി ദ്രൗപദി മുർമുവിൻറെ വിജയം ഉറപ്പാണ്. അടുത്ത തിങ്കളാഴ്ചയാണ് പുതിയ രാഷ്ട്രപതി ചുമതലയേല്‍ക്കുന്നത്. രാജ്യത്ത് പുതിയ രാഷ്ട്രപതിയെ കണ്ടെത്തുന്നതിനായുള്ള തെരഞ്ഞെടുപ്പിന്റെ വോട്ടിംഗ് പൂർത്തിയായപ്പോൾ എട്ട് എംപിമാരാണ് വോട്ട് രേഖപ്പെടുത്താതിരുന്നത്.
എൻ ഡി എ സ്ഥാനാർത്ഥിക്ക് നാൽപത്തിയൊന്ന് പാർട്ടികളുടെ പിന്തുണയുണ്ട്. പ്രതിപക്ഷത്തെ ശിവസേന, ഝാർഖണ്ട് മുക്തി മോർച്ച, ജനതാദൾ സെക്കുലർ തുടങ്ങിയ കക്ഷികൾ മുർമുവിന് പിന്തുണ അറിയിച്ചെന്നതാണ് വലിയ നേട്ടമായത്. വൈ എസ് ആർ കോൺഗ്രസ്, ബിജു ജനതാദൾ തുടങ്ങിയ കക്ഷികളുടെയും പിന്തുണയുള്ള എൻ ഡി എയ്ക്ക് ആറുലക്ഷത്തി എഴുപതിനായിരം വോട്ടുകൾ കിട്ടാനാണ് സാധ്യത. മറുവശത്ത് പ്രതിപക്ഷ സ്ഥാനാർത്ഥി യശ്വന്ത് സിൻഹയ്ക്ക് ആം ആദ്മി പാർട്ടി അവസാനം പിന്തുണ അറിയിച്ചതാണ് ആശ്വാസം.
ഇതിനിടെ പ്രതിപക്ഷ ഉപരാഷ്ട്രപതി സ്ഥാനാർത്ഥി മാർഗരറ്റ് ആൽവ നാമനിർദ്ദേശ പത്രിക സമർപ്പിച്ചു. കോൺഗ്രസ് മുൻ ദേശീയ അധ്യക്ഷൻ രാഹുൽ ഗാന്ധി, സിപിഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി, എൻസിപി അധ്യക്ഷൻ ശരത് പവാർ അടക്കമുള്ളവരുടെ സാന്നിധ്യത്തിലാണ് പത്രിക സമർപ്പിച്ചത്.
എന്‍ഡിഎയുടെ ഉപരാഷ്ട്രപതി സ്ഥാനാർത്ഥി ജഗ്ദീപ് ധന്‍കർ കഴിഞ്ഞ ദിവസം നാമനിർദേശ പത്രിക നല്‍കിയിരുന്നു. പ്രധാനമന്ത്രി നരേന്ദ്രമോദി, കേന്ദ്രമന്ത്രിമാരായ അമിത് ഷാ, രാജ്നാഥ് സിംഗ്, ജെപി നദ്ദ തുടങ്ങിയവരാണ് ധന്‍കറുടെ പേര് നിർദേശിച്ചത്. ബിജു ജനതാദൾ, അണ്ണാഡിഎംകെ പാർട്ടികളുടെ പ്രതിനിധികളും ജഗ്ദീപ് ധൻകറിനൊപ്പം പങ്കെടുത്തു. ബിജു ജനതാദൾ ജഗ്ദീപ് ധന്‍കറെ പിന്തുണക്കുമെന്ന് ഇന്നലെ പ്രഖ്യാപിച്ചിരുന്നു.