കൊച്ചി: നയതന്ത്ര ചാനല്‍ വഴിയുള്ള സ്വർണക്കടത്ത് കേസിൽ നിർണായക നീക്കവുമായി ഇഡി. കേസുകൾ ബംഗളൂരുവിലേക്ക് മാറ്റണമെന്നാവശ്യപ്പെട്ട് സുപ്രീം കോടതിയിൽ ട്രാൻസ്ഫർ ഹർജി നൽകി.കേസ് അട്ടിമറിക്കാൻ സാധ്യത ഉണ്ടെന്നാണ് ഹർജിയിലെ ആരോപണം. സ്വർണക്കടത്തിലെ കളളപ്പണക്കേസ് എറണാകുളത്ത് നിന്ന് മാറ്റണമെന്ന് ആവശ്യപ്പെട്ടാണ് ഇ ഡി സുപ്രീംകോടതിയെ സമീപിച്ചിരിക്കുന്നത്. ബംഗളൂരു പ്രിൻസിപ്പൽ സെഷൻസ് കോടതിയിലേക്ക് മാറ്റണമെന്നാണ് ഹർജയിലുളളത്.
ഹർജി ഇന്ന് നമ്പറിട്ട് കിട്ടിയേക്കുമെന്ന് ഇ ഡി വൃത്തങ്ങൾ പറഞ്ഞു. കേരളത്തിൽ നീതിപൂർവമായ വിചാരണ ഉറപ്പാക്കാനാകില്ല. കേസ് അട്ടിമറിക്കപ്പെടാൻ സാധ്യതയുണ്ടെന്നും ഇഡി ഹര്‍ജിയില്‍ പറയുന്നു. കേന്ദ്ര സർക്കാർ തലത്തിലെ തീരുമാനമാണ് ഇതെന്ന് ഇ ഡി വൃത്തങ്ങൾ അറിയിച്ചു. സ്വർണക്കളളക്കടത്തിലെ കള്ളപ്പണ ഇടപാടിൽ വിചാരണാ നടപടികൾ എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതിയിൽ തുടങ്ങാനിരിക്കെയാണ് ഈ നീക്കം.
അതേസമയം, മുഖ്യമന്ത്രിയ്ക്കും സർക്കാരിനുമെതിരായ വെളിപ്പെടുത്തലുകൾക്ക് പിന്നാലെ സംസ്ഥാന സർക്കാർ തനിക്കെതിരെ രജിസ്റ്റർ ചെയ്ത ഗൂഢാലോചനാക്കേസ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് സ്വപ്നാ സുരേഷ് നൽകിയ ഹർജി ഹൈക്കോടതി ഇന്ന് പരിഗണിക്കും. ഹർജി റദ്ദാക്കാനാകില്ലെന്നും സ്വപ്നയുടെ പരാമർശം സംസ്ഥാനത്ത് വലിയ ക്രമസമാധാന പ്രശ്നമുണ്ടാക്കിയെന്നും സർക്കാർ ഇന്ന് അറിയിക്കും. എന്നാൽ തന്നെ മനപൂർവം കളളക്കേസിൽ കുടുക്കിയെന്നാണ് സ്വപ്നയുടെ നിലപാട്.