തിരുവനന്തപുരം : യൂത്ത് കോൺഗ്രസ് ഓദ്യോഗിക വാട്ട്സ്ആപ് ഗ്രൂപ്പിൽ നിന്ന് ചാറ്റ് പുറത്ത് പോയത് ഗുരുതര സംഘടനാ പ്രശ്നമെന്ന് വൈസ് പ്രസിഡന്‍റ് കെ എസ് ശബരിനാഥൻ. ഇതിനെ ഗൗരവപരമായാണ് യൂത്ത് കോൺഗ്രസും കെ പി സി സിയും കാണുന്നത്. ഇത് നേതൃത്വത്തെ അറിയിക്കും. എല്ലാ സംഘടനയിലും നെല്ലും പതിരുമുണ്ട്. പ്രവർത്തിക്കുന്ന യൂത്ത് കോൺഗ്രസുകാർ സംഘടനാ നിലപാടിന് ഒപ്പം നിൽക്കുമെന്നും കെ എസ് ശബരിനാഥൻ പറഞ്ഞു.
ജാമ്യവ്യവസ്ഥകൾ പാലിച്ച് അന്വേഷണവുമായി സഹകരിക്കുമെന്ന് കെ എസ് ശബരിനാഥൻ പറഞ്ഞു. പറയേണ്ടതെല്ലാം ഇന്നലെ പറഞ്ഞിട്ടുണ്ട്. കരിങ്കൊടി കാണിക്കാൻ ഗൂഢാലോചന നടത്തി എന്നാണെങ്കിൽ അത് അംഗീകരിക്കും. വാട്ട്സ്ആപ്പ് ചാറ്റ് ചോർന്നത് കൊണ്ട് നിരപരാധിത്തം തെളിയിക്കാനായെന്നും കെ എസ് ശബരി നാഥൻ പറഞ്ഞു.
‘സി എം കണ്ണൂർ ടിവി എം ഫ്ലൈറ്റിൽ വരുന്നുണ്ട്. രണ്ടുപേർ ഫ്ലൈറ്റിൽ കയറി കരിങ്കൊടി കാണിച്ചാൽ…എന്തായാലും ഫ്ലൈറ്റിൽ നിന്ന് പുറത്ത് ഇറക്കാൻ കഴിയില്ലല്ലോ’ എന്ന് കെ എസ് ശബരിനാഥൻ യൂത്ത്കോൺഗ്രസ് ഔദ്യോഗിക വാട്ട്സ്ആപ് ഗ്രൂപ്പിലിട്ട ചാറ്റ് സ്ക്രീൻ ഷോട്ടായി പുറത്തു വന്നതോടെയാണ് ശബരിക്കെതിരെ പൊലീസ് വധ ഗൂഢാലോചനക്ക് കേസെടുത്ത് അറസ്റ്റ് ചെയ്തത് . ചോദ്യം ചെയ്യാൻ വിളിച്ചുവരുത്തിയ ശേഷം നാടകീയമായി അറസ്റ്റ് ചെയ്തെങ്കിലും കസ്റ്റഡിയിൽ വേണമെന്ന പൊലീസ് ആവശ്യം തള്ളി കോടതി ശബരിനാഥന് ജാമ്യം അനുവദിക്കുകയായിരുന്നു. ഇന്ന് മുതൽ 3 ദിവസം അന്വേഷണ ഉദ്യോഗസ്ഥന് മുന്നിൽ ചോദ്യം ചെയ്യലിന് ഹാജരാകണണെന്ന നിർദേശവും നൽകി. ഇതനുസരിച്ച് അന്വേഷണ ഉദ്യോഗസ്ഥന് മുന്നിൽ ശബരി ഹാജരായി.