ന്യൂഡൽഹി: 2021-22ൽ രാജ്യത്തെ12 കേന്ദ്രീയ ഉന്നത സാങ്കേതിക വിദ്യാഭ്യാസ സ്ഥാപനങ്ങൾ ഒരു ദളിത് ഗവേഷക വിദ്യാർഥിയെയും 21 സഥാപനങ്ങൾ ഒരു ആദിവാസി ഗവേഷക വിദ്യാർഥിയെയും പ്രവേശിപ്പിച്ചിട്ടില്ലെന്ന് കേന്ദ്ര സർക്കാർ.
ഉന്നത സാങ്കേതിക വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ സാമൂഹികവും സാമ്പത്തികവുമായി പിന്നോക്കം നിൽക്കുന്ന വിഭാഗങ്ങളിൽ നിന്നുള്ള ഗവേഷകരുടെ എണ്ണം സംബന്ധിച്ച് രാജ്യസഭയിൽ ഡോ. വി ശിവദാസൻ എംപിയുടെ ചോദ്യത്തിന് കേന്ദ്ര വിദ്യാഭ്യാസ സഹമന്ത്രി സുഭാഷ് സർക്കാർ ആണ് ഈ മറുപടി നൽകിയത്.
ഐ.ഐ.എം , ഐ.ഐ.ടികൾ അടക്കമുള്ള 21 സ്ഥാപനങ്ങളിൽ ഒറ്റ ആദിവാസി ഗവേഷക വിദ്യാർത്ഥിക്ക് പോലും പ്രവേശനം ലഭിച്ചില്ല. ഐ.ഐ.എം ബാംഗ്ലൂർ, ഐ.ഐ.എം കൽക്കട്ട,. ഐ.ഐ.എം ഇൻഡോർ,ഐ.ഐ.എം കോഴിക്കോട്,. ഐ.ഐ.എം ലഖ്‌നൗ,. ഐ.ഐ.എം കാശിപൂർ, ഐ.ഐ.എം റായ്പൂർ,ഐ.ഐ.എം റാഞ്ചി,. ഐ.ഐ.എം റോഹ്തക്ക്, ഐ.ഐ.എം ട്രിച്ചി, ഐ.ഐ.എം അമൃത്സർ, ഐ.ഐ.എം ബോധ്ഗയ,. ഐ.ഐ.എം സിർമൗർ, ഐ.ഐ.എം വിശാഖപട്ടണം, ഐ.ഐ.ടി തിരുപ്പതി, ഐ.ഐ.ടി ഭിലായ്, ഐ.ഐ.ടി മണ്ഡി, ഏ.ബി.വി – ഐ.ഐ.ഐ.ടി.എം , ഐ.ഐ.ടി.ഡി.എം കുർനൂൽ,ഐസർ ബെർഹാംപോർ, ഐസർ ഭോപ്പാൽ, എന്നീ സ്ഥാപനങ്ങൾ ഇതിൽപ്പെടും.
12 കേന്ദ്രീയ സാങ്കേതിക വിദ്യാഭ്യാസ സ്ഥാപനങ്ങൾ ഒരു ദളിത് ഗവേഷകവിദ്യാർത്ഥിയെ പോലും പ്രവേശിപ്പിച്ചില്ല. ഐ.ഐ.എം അഹമ്മദാബാദ്,ഐ.ഐ.എം ബാംഗ്ലൂർ. ഐ.ഐ.എം ഇൻഡോർ,
ഐ.ഐ.എം കാശിപൂർ, ഐ.ഐ.എം റാഞ്ചി, ഐ.ഐ.എം റോഹ്തക്ക്, ഐ.ഐ.എം ട്രിച്ചി, ഐ.ഐ.എം അമൃത്സർ,ഐ.ഐ.എം സിർമൗർ,ഐ.ഐ.എം വിശാഖപട്ടണം,ഏ.ബി.വി – ഐ.ഐ.ഐ.ടി.എം, ഐ.ഐ.ടി ഭിലായ് എന്നിവയാണ് ഒരു ദളിത് ഗവേഷക വിദ്യാർത്ഥിക്ക് പോലും 2021 -22 ൽ പ്രവേശനം ലഭിക്കാത്ത സ്ഥാപനങ്ങൾ.
വിവിധ കേന്ദ്ര സർവ്വകലാശാലകളിലായി പട്ടിക ജാതി വിഭാഗങ്ങൾക്കായുള്ള 958 ഉം പട്ടിക വർഗ വിഭാഗങ്ങൾക്കുള്ള 576 ഉം ഒ.ബി.സിക്കാർക്കുള്ള 1761 ഉം അധ്യാപക ഒഴിവുകൾ നിയമനം നടത്താതെ ഒഴിഞ്ഞു കിടക്കുകയാണെന്ന് കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാൻ രാജ്യസഭയിൽ എ.എ റഹിം എം.പിയുടെ ചോദ്യത്തിന് മറുപടി നൽകി. സെൻട്രൽ യൂണിവേഴ്സിറ്റി ഓഫ് കേരളയിൽ മാത്രം എസ്.സി വിഭാഗത്തിൻുള്ള 13 ഉം, എസ്.ടിക്കുള്ള 7 ഉം ഒ.ബി.സിക്കുള്ള 18 ഉം ഒഴിവുകൾ നികത്തിയിട്ടില്ല. ജവർലാൽ നെഹ്‌റു സർവ്വകലാശാലയിൽ ഇത് യഥാക്രമം 22, 10, 33 എന്നിങ്ങനെയാണ്. മറ്റു സർവകലാശാലകളിൽ നികത്താത്ത ഒഴിവുകൾ എസ്.സി, എസ്.ടി, ഒ.ബി.സി എന്ന ക്രമത്തിൽ. ഹൈദരാബാദ് സെൻട്രൽ യൂണിവേഴ്സിറ്റി: 74,66,14. ബനാറസ് ഹിന്ദു സർവകലാശാല: 16,11,6.