സേലം/കൊച്ചി : തമിഴ്നാട്ടിലെ ധർമപുരിയിൽ രണ്ടു മലയാളികളെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ സേലം മേട്ടൂർ സ്വദേശിയായ ഒരാളെ പൊലീസ് കസ്റ്റഡിയിലെടുത്തു. ഇറിഡിയം വിൽപനയുമായി ബന്ധപ്പെട്ട ഇടപാടുകളാണു കൊലപാതകത്തിലേക്കു നയിച്ചതെന്നു സംശയിക്കുന്നതായി ധർമപുരി ജില്ലാ പൊലീസ് മേധാവി കലൈസെൽവൻ അറിയിച്ചു.
കൊലപാതകവുമായി ബന്ധപ്പെട്ട് തമിഴ്നാട് പൊലീസ് കേരളത്തിലും അന്വേഷണം നടത്തുന്നുണ്ട്. കസ്റ്റഡിയിലെടുത്ത സേലം മേട്ടൂർ സ്വദേശിയിൽ നിന്നു ലഭിച്ച വിവരത്തെത്തുടർന്ന്, കൊല്ലപ്പെട്ട എറണാകുളം സ്വദേശിയുടെ വീട്ടിലെത്തി അന്വേഷണസംഘം വിവരങ്ങൾ ശേഖരിച്ചു.
എറണാകുളം വരാപ്പുഴ വലിയവീട്ടിൽ ശിവകുമാർ (50), തിരുവനന്തപുരം കുന്നുകുഴി ഷൈൻ വില്ലയിൽ നെവിൽ ജി.ക്രൂസ് (58) എന്നിവരെയാണു 19നു രാവിലെ പെരിയല്ലി വനമേഖലയോടു ചേർന്ന റോഡരികിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. തന്നെ ചിലർ ഭീഷണിപ്പെടുത്തിയെന്നു ചൂണ്ടിക്കാട്ടി ശിവകുമാർ ഒരു മാസം മുൻപു മുഖ്യമന്ത്രിക്കു പരാതി നൽകിയിരുന്നു. സേലത്തെ ഹോട്ടലിൽ എത്തി തിരുവനന്തപുരം സ്വദേശികളായ രണ്ടു പേരാണു ഭീഷണിപ്പെടുത്തിയതെന്നു പരാതിയിൽ പറഞ്ഞിരുന്നു. ഭീഷണിപ്പെടുത്തിയവർ പൊലീസുകാരാണെന്നു പറഞ്ഞെന്നു സൂചനയുണ്ട്.
തിരുവനന്തപുരത്തെ ഒരാളിൽനിന്നു വാങ്ങിയ ഒരു കോടിയോളം രൂപ തിരികെ നൽകിയില്ലെങ്കിൽ വരാപ്പുഴയിലെ വീട്ടിൽ വന്നു കൊലപ്പെടുത്തുമെന്നായിരുന്നു ഭീഷണി. പാസ്പോർട്ട് ഇവർ പിടിച്ചുവാങ്ങിയെന്നും പരാതിയിലുണ്ട്. തുടർന്നു വരാപ്പുഴ പൊലീസ് മൊഴിയെടുത്തിരുന്നു. പുരാവസ്തുക്കൾ മലേഷ്യയിലേക്കുൾപ്പെടെ കയറ്റി അയച്ച് ഇരട്ടിലാഭം നേടാമെന്നു പറഞ്ഞു ശിവകുമാർ പലരിൽ നിന്നായി ലക്ഷങ്ങൾ വാങ്ങിയിട്ടുണ്ടെന്നാണു സൂചന. ശിവകുമാറിന്റെ സംസ്കാരം വ്യാഴാഴ്ച രാവിലെ 9നു വരാപ്പുഴ തുണ്ടത്തുംകടവിലെ വീട്ടുപരിസരത്തും നെവിലിന്റെ സംസ്കാരം വ്യാഴാഴ്ച 10ന് തിരുവനന്തപുരം പാറ്റൂർ സെമിത്തേരിയിലും നടക്കും.
ഇറിഡിയം വിൽക്കാനോ വാങ്ങാനോ എത്തിയ സംഘം ഇരുവരെയും തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയതാണെന്നു ധർമപുരി പൊലീസ് കരുതുന്നു. ഉപേക്ഷിക്കപ്പെട്ട നിലയിൽ കണ്ട കാറിൽ നിന്നു മൊബൈൽ ഫോണുകൾ കണ്ടെടുത്ത പൊലീസ് ഇതിൽ നിന്നു നീക്കം ചെയ്ത വിവരങ്ങൾ വീണ്ടെടുത്തിട്ടുണ്ട്. ഇറിഡിയം തട്ടിപ്പുമായി ബന്ധപ്പെട്ടു ചെന്നൈയിലും കോയമ്പത്തൂരും സമീപകാലത്ത് അറസ്റ്റിലായവരെ വ്യാഴാഴ്ച ചോദ്യം ചെയ്യും. നെവിലും ശിവകുമാറും കൊല്ലപ്പെടുന്നതിനു 3 മണിക്കൂർ മുൻപു സേലം പുതിയ ബസ് സ്റ്റാൻഡിനു സമീപത്തെ ലോഡ്ജിൽ നിന്ന് ഇറങ്ങി കാറിൽ പോകുന്ന സിസിടിവി ദൃശ്യങ്ങൾ പൊലീസിനു കിട്ടിയിട്ടുണ്ട്. സംഭവത്തെക്കുറിച്ച് കാര്യമായ വിവരങ്ങളൊന്നും പൊലീസ് കൈമാറിയിട്ടില്ലെന്നും അന്വേഷണത്തിനായി തമിഴ്നാട് പൊലീസ് എത്തുമെന്ന് അറിയിച്ചിട്ടുണ്ടെന്നും നെവിലിന്റെ ബന്ധുക്കൾ അറിയിച്ചു.