കൊളംബോ: ശ്രീലങ്കയിലെ പ്രക്ഷോഭകർക്ക് മുന്നറിയിപ്പുമായി പുതുതായി തെരഞ്ഞെടുക്കപ്പെട്ട പ്രസിഡന്‍റ് റനിൽ വിക്രമസിംഗ രംഗത്ത്. പ്രക്ഷോഭം നടത്തുന്നവർ രാജ്യത്തിന്‍റെ പ്രസിഡന്‍റിന്‍റെയും പ്രധാനമന്ത്രിയുടെയും ഓഫീസുകൾ പൂർണമായി ഒഴിയണമെന്ന് വിക്രമസംഗ ആവശ്യപ്പെട്ടു. സർക്കാർ മന്ദിരങ്ങളിൽ തുടരുന്നത് നിയമവിരുദ്ധമാണെന്നും ഇതിനെതിരെ നിയമ നടപടി സ്വീകരിക്കുമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി.
അതേസമയം കടുത്ത രാഷ്ട്രീയ പ്രതിസന്ധി നേരിടുന്ന ശ്രീലങ്കയുടെ പുതിയ പ്രസിഡന്‍റായി റനിൽ വിക്രമസംഗയെ ബുധനാഴ്ചയാണ് തെരഞ്ഞെടുത്തത്. രാജ്യത്ത് വ്യാപകമായ പ്രതിഷേധത്തെത്തുടർന്ന് ഗോതബായ രാജപക്സെക്ക് പ്രസിഡന്റ് പദവിയിൽനിന്ന് രാജിവെക്കേണ്ടിവന്നതിന് പിന്നാലെയാണ് വിക്രമസിംഗെയെ പ്രസിഡന്റായി എത്തുന്നത്. വിക്രമസിംഗെ ആക്ടിംഗ് പ്രസിഡന്റായി സേവനമനുഷ്ഠിച്ചുവരികയായിരുന്നു. ബുധനാഴ്ച നടന്ന വോട്ടെടുപ്പിൽ 225 ൽ 134 വോട്ടുകൾ നേടിയാണ് വിക്രമസിംഗെ അധികാരത്തിലെത്തിയത്.