തിരുവനന്തപുരം : വിമാനത്തിൽ മുഖ്യമന്ത്രിക്കെതിരെ പ്രതിഷേധിച്ച യൂത്ത് കോൺഗ്രസ് പ്രവർത്തകരെ കയ്യേറ്റം ചെയ്ത കേസിൽ എൽഡിഎഫ് കൺവീനർ ഇപി ജയരാജനും മുഖ്യമന്ത്രിയുടെ രണ്ട് പേഴ്സനൽ സ്റ്റാഫ് അംഗങ്ങൾക്കെതിരെയും അന്വേഷണം വേഗത്തിൽ പൂർത്തിയാക്കാൻ പൊലീസ് തീരുമാനം. കോടതി നിർദേശപ്രകാരം ഇന്നലെയാണ് വലിയതുറ പൊലീസ് എഫ്ഐആർ രജിസ്റ്റർ ചെയ്തത്. ജാമ്യമില്ലാ വകുപ്പ് പ്രകാരമാണ് കേസ്.കേസെടുക്കാൻ കഴിയില്ലെന്ന് സാക്ഷിമൊഴികളുടെ അടിസ്ഥാനത്തിൽ പൊലീസ് നേരത്തെ വിശദീകരിച്ചിരുന്നു.
കേസെടുത്ത സാഹചര്യത്തിലും സാക്ഷി മൊഴികൾ വീണ്ടും രേഖപ്പെടുത്തേണ്ടെന്നാണ് പൊലീസ് തീരുമാനം. പകരം പ്രതികളുടെ മൊഴി രേഖപ്പെടുത്തി കോടതിയിൽ റിപ്പോർട്ട് നൽകും. അതിനിടെ മുഖ്യമന്ത്രിക്കെതിരായ ഗൂഢാലോചനക്കേസിൽ മുൻ എംഎൽഎ കെ.എസ്.ശബരീനാഥൻ ശംഖുമുഖം അസിസ്റ്റന്‍റ് കമ്മീഷണർക്ക് മുന്പാകെ ഇന്നും ചോദ്യം ചെയ്യലിന് ഹാജരാകും. ഇന്നലെയും ശബരിനാഥ് ഹാജരായിരുന്നു. തുടർച്ചയായ മൂന്നുദിവസം ചോദ്യം ചെയ്യലിന് ഹാജരാകാനാണ് കോടതി നിർദേശം












