ദില്ലി: നാഷണല്‍ ഹെറാള്‍ഡ് കേസില്‍ കോണ്‍ഗ്രസ് അദ്ധ്യക്ഷ സോണിയഗാന്ധിയെ എന്‍ഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റ് ചോദ്യം ചെയ്യുകയാണ്. ഉച്ചക്ക് 12 മണിയോടെയാണ് സോണിയാഗാന്ധി ഇഡി ഓഫീസിലെത്തിയത്. ആരോഗ്യാവസ്ഥ മോശമായതിനാല്‍ നേരത്തെ ആവശ്യപ്പെട്ട തീയതികളില്‍ സോണിയ ഇ ഡിക്ക് മുന്‍പില്‍ എത്തിയിരുന്നില്ല. ആരോഗ്യാവസ്ഥ പരിഗണിച്ച് വീട്ടിലെത്തി മൊഴിയെടുക്കാമെന്ന് ഇഡി അറിയിച്ചെങ്കിലും കോൺഗ്രസ് അധ്യക്ഷ അത് നിരസിക്കുകയായിരുന്നു. ഒപ്പം ഇ ഡി ഓഫീസിലെത്തി മൊഴി നല്‍കാമെന്ന് സോണിയ അറിയിക്കുകയും ചെയ്തു.
രാഹുൽ ഗാന്ധിയെ ചോദ്യം ചെയ്തപ്പോൾ ഇ ഡിയുടെ നടപടിക്കെതിരെ പ്രതിഷേധിച്ച് നേതാക്കളടക്കം അറസ്റ്റ് വരിച്ചുള്ള പ്രതിഷേധം ആവർത്തിക്കാനുള്ള തീരുമാനത്തിലാണ് കോണ്‍ഗ്രസ്. എഐസിസി ആസ്ഥാനത്തിന് മുന്നിലൂടെ കടന്നുപോയ സോണിയക്ക് അഭിവാദ്യങ്ങളുമായി നേതാക്കളും പ്രവര്‍ത്തകരും എത്തി. പോലീസും പ്രവര്‍ത്തകരുമായി ഉന്തും തള്ളുമുണ്ടായി. നേതാക്കളേയും പ്രവര്‍ത്തകരേയും പോലീസ് അറസ്റ്റ് ചെയ്ത് നീക്കി.