ദില്ലി: നാഷണൽ ഹെറാൾഡ് കേസിൽ കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിയെ ഇഡി ചോദ്യംചെയ്യുന്നു. ചോദ്യം ചെയ്യല്ലിൽ കോണ്‍ഗ്രസ് രാജ്യവ്യാപക പ്രതിഷേധം നടത്തി. പാര്‍ട്ടിയുടെ പ്രമുഖ നേതാക്കളെല്ലാം രാജ്യത്തെ വിവിധ ഭാഗങ്ങളിൽ അറസ്റ്റ് വരിച്ചു. ദില്ലിയിലും തിരുവനന്തപുരത്തും ട്രെയിൻ തടഞ്ഞും പ്രതിഷേധമുണ്ടായി.
ഇന്ന് 12 മണിയോടെയാണ് നാഷണൽ ഹെറാൾഡ് പത്രവുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കൽ കേസിൽ 75 കാരിയായ സോണിയാ ഗാന്ധി ഡൽഹിയിലെ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇഡി) ഓഫീസിൽ ചോദ്യം ചെയ്യല്ലിനായി ഹാജരായത്. മൂന്ന് മണിയോടെ ഇന്നത്തെ ചോദ്യംചെയ്യൽ പൂര്‍ത്തിയാക്കി സോണിയ മടങ്ങി. കൊവിഡ് ബാധയെ തുടര്‍ന്ന് വിശ്രമത്തിലായിരുന്നു നേരത്തെ സോണിയ. അവരുടെ ആരോഗ്യനില കൂടി കണക്കിലെടുത്താണ് ചോദ്യം ചെയ്യൽ പെട്ടെന്ന് അവസാനിപ്പിച്ചതെന്ന് ഇഡി വൃത്തങ്ങൾ വിശദീകരിച്ചു. ആവശ്യമെങ്കിൽ ഇനിയും സോണിയയെ സമൻസ് നൽകി വിളിപ്പിക്കുമെന്നും ഇഡി വ്യക്തമാക്കി.
രാഹുൽ ഗാന്ധിക്കും പ്രിയങ്ക ഗാന്ധിക്കും ഒപ്പമാണ് സോണിയ ഗാന്ധി ഇന്ന് ഇഡി ഓഫീസിൽ എത്തിയത്. സോണിയയെ ഇഡി ചോദ്യം ചെയ്യുമ്പോൾ പ്രിയങ്ക മറ്റൊരു മുറിയിൽ കാത്തിരുന്നു. ഇതേ സമയം ഇഡിയെ കേന്ദ്രസര്‍ക്കാര്‍ രാഷ്ട്രീയ ആയുധമായി ഉപയോഗിക്കുന്നുവെന്ന് ആരോപിച്ച് കോണ്‍ഗ്രസിൻ്റെ നേതൃത്വത്തിൽ ദേശവ്യാപക പ്രതിഷേധം നടന്നു. ബാനറുകളും പ്ലക്കാര്‍ഡുകളുമേന്തി കോണ്‍ഗ്രസ് നേതാക്കൾ പാര്‍ലമെൻ്റിലേക്ക് മാര്‍ച്ച് നടത്തി. രാജ്യത്തെ വിവിധ ഭാഗത്തും കോണ്‍ഗ്രസിൻ്റെ പ്രതിഷേധമുണ്ടായി.