കൊല്ലം: കോൺഗ്രസ് ദേശീയ അധ്യക്ഷ സോണിയ ഗാന്ധി അടക്കമുള്ള നേതാക്കൾ ഓഗസ്റ്റ് മൂന്നിന് ഹാജരാകണമെന്ന് കൊല്ലം മുൻസിഫ് കോടതിയുടെ ഉത്തരവ്. സോണിയാ ഗാന്ധിക്ക് പുറമെ, കെപിസിസി പ്രസിഡന്റ് കെ സുധാകരൻ, ഡിസിസി പ്രസിഡന്റ് പി രാജേന്ദ്ര പ്രസാദ് എന്നിവരും ഹാജരാകണമെന്ന് കോടതി ഉത്തരവിട്ടു. കോൺഗ്രസിന്റെ നിയമാവലിക്കു വിരുദ്ധമായി ഡിസിസി പ്രസിഡന്റ് പുറപ്പെടുവിച്ച സസ്പെൻഷൻ ഉത്തരവ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് കോൺഗ്രസിന്റെ കുണ്ടറയിലെനേതാവ് പൃഥ്വിരാജ് നൽകിയ ഹർജിയിലാണു മൂവരും ഹാജരാകാൻ കോടതി നിർദേശിച്ചത്.
കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പ് കാലത്ത് കോൺഗ്രസ് നേതാവ് രാജ്മോഹൻ ഉണ്ണിത്താന്റെ ആരോപണങ്ങളെത്തുടർന്ന് അന്നത്തെ ഡിസിസി പ്രസിഡന്റ് ബിന്ദു കൃഷ്ണ കുണ്ടറയിലെ പ്രാദേശിക നേതാവായിരുന്ന പൃഥ്വിരാജിനെ സസ്പെൻഡ് ചെയ്തത്. സസ്പെൻഷൻ റദ്ദാക്കണമെന്നാവശ്യപ്പെട്ട് പാർട്ടി നേതൃത്വത്തിന് നിവേദനം നൽകിയെങ്കിലും മറുപടി ലഭിക്കാത്തതിനെ തുടർന്നാണ് നിയമനടപടിയുമായി മുന്നോട്ട് പോയത്. അഡ്വ. ബോറിസ് പോൾ മുഖേനയാണ് പൃഥീരാജ് മുൻസിഫ് കോടതിയെ സമീപിച്ചത്.കെപിസിസി അംഗങ്ങളുടെ തെരഞ്ഞെടുക്കുമ്പോൾ കുണ്ടറ ബ്ലോക്കിൽ നിന്നുള്ള പ്രതിനിധിയെ കേസിന്റെ തീരുമാനം വരുന്നതുവരെ നിശ്ചയിരുതെന്നാവശ്യപ്പെട്ട് ഇയാൾ ഉപഹർജിയും നൽകിയിട്ടുണ്ട്.