കൊച്ചി : നടിയെ ആക്രമിച്ച കേസില്‍ വിചാരണക്കോടതിക്കെതിരെ പ്രോസിക്യൂഷന് സമര്‍പ്പിച്ച ഹര്‍ജി ഹൈക്കോടതി ഫയലില്‍ സ്വീകരിച്ചു. ഹൈക്കോടതി അവധിക്കാല ബെഞ്ചിന്റേതാണ് നടപടി. പുനര്‍ വിസ്താരത്തിനുള്ള സാക്ഷിപ്പട്ടിക പൂര്‍ണമായും അംഗീകരിക്കാത്തതിന് എതിരെയാണ് പ്രോസിക്യൂഷന് ഹൈക്കോടതിയെ സമീപിച്ചത്. ഹര്‍ജിയില്‍ നടന് ദിലീപ് ഉള്‍പ്പടെയുള്ള എതിര്‍കക്ഷികള്‍ക്ക് പ്രത്യേക ദൂതന് വഴി നോട്ടീസയയ്ക്കാന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്. ഹര്‍ജി ജനുവരി ആറിനു വീണ്ടും പരിഗണിക്കുന്നതിനു മാറ്റിവച്ചു. നടിയെ ആക്രമിച്ച കേസില്‍ 16 സാക്ഷികളുടെ പുനര്‍വിസ്താരത്തിനാണ് പ്രോസിക്യൂഷന് അനുമതി തേടിയിരുന്നത്. ഇവരില്‍ ഏഴുപേര്‍ നേരത്തെ സാക്ഷി പറഞ്ഞവരാണ്.
ഇവരില്‍ നിന്നു കൂടുതല്‍ വിവരങ്ങള്‍ തേടേണ്ട സാഹചര്യം ഉണ്ടെന്നായിരുന്നു പ്രോസിക്യൂഷന്റെ വാദം. ഒമ്പതു പേരില്‍നിന്നു പുതുതായി വിശദീകരണം തേടണമെന്നും പ്രോസിക്യൂഷന് ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ കഴിഞ്ഞദിവസം പ്രോസിക്യൂഷന്റെ ഈ ആവശ്യം വിചാരണ കോടതി നിരസിച്ചിരുന്നു. മൂന്നുപേരുടെ പുനര്‍വിസ്താരത്തിന് മാത്രമാണ് കോടതി അംഗീകാരം നല്‍കിയത്. രണ്ടുപേരെ വിളിച്ചുവരുത്താനും ഒരാളെ പുതുതായി സാക്ഷി പട്ടികയില്‍ ഉള്‍പ്പെടുത്താനുമാണ് കോടതി അനുമതി നല്‍കിയത്. എന്നാല്‍ ഇതു പോര എന്നാണ് പ്രോസിക്യൂഷന്റെ നിലപാട്.