കോഴിക്കോട് : സ്വത്ത് തട്ടിയെടുക്കുന്നതിനായി വ്യാജരേഖകൾ ഹാജരാക്കി റേഷൻ കാർഡിൽ പേരു ചേർത്തെന്ന പരാതി റേഷനിങ് കൺട്രോളറുടെ നേരിട്ടുള്ള മേൽനോട്ടത്തിൽ അന്വേഷിക്കണമെന്ന് മനുഷ്യാവകാശ കമ്മിഷൻ. അന്വേഷണത്തിന് സിറ്റി റേഷനിങ് ഓഫിസർ റാങ്കിൽ കുറയാത്ത ഒരു ഉദ്യോഗസ്ഥനെ സിവിൽ സപ്ലൈസ് കമ്മിഷണർ ചുമതലപ്പെടുത്തണമെന്നും രണ്ടു മാസത്തിനുള്ളിൽ അന്വേഷണ റിപ്പോർട്ട് നൽകണമെന്നും കമ്മിഷൻ ജുഡീഷ്യൽ അംഗം കെ.ബൈജുനാഥ് നിർദേശിച്ചു.
കാരപ്പറമ്പ് സ്വദേശി എ.സി.ഫ്രാൻസിസ് നൽകിയ പരാതിയിലാണ് ഉത്തരവ്. തന്റെ സഹോദരന്റെ പേരിൽ വ്യാജരേഖ ഹാജരാക്കി റേഷൻ കാർഡുണ്ടാക്കിയെന്നാണ് ആരോപണം. ഡിജിപി ടോമിൻ ജെ.തച്ചങ്കരിയുടെ നേതൃത്വത്തിലുള്ള കമ്മിഷൻ അന്വേഷണ വിഭാഗം പരാതിയെക്കുറിച്ച് അന്വേഷിച്ചു.
പരാതിക്കാരന്റെ സഹോദരനെ ഭർത്താവായി കാണിച്ചാണ് ഒരു വനിത റേഷൻകാർഡുണ്ടാക്കിയത്. 1998 ലാണ് റേഷൻ കാർഡ് അനുവദിച്ചത്. പ്രസ്തുത കാർഡിനുള്ള അപേക്ഷ വർഷങ്ങൾ കഴിഞ്ഞതിനാൽ കണ്ടെത്താൻ കഴിഞ്ഞില്ല. 2017ൽ റേഷൻകാർഡ് പുതുക്കി നൽകിയപ്പോൾ പഴയ വിവരങ്ങളാണ് ഉപയോഗിച്ചത്. പിന്നീട് പരാതിക്കാരന്റെ സഹോദനായ ചാർലി മരിച്ചു. 1992ലാണ് ചാർലിയെ വിവാഹം കഴിച്ചതെന്ന് ഈ വനിത മൊഴി നൽകിയിട്ടുണ്ട്. എന്നാൽ വിവാഹം റജിസ്റ്റർ ചെയ്തിരുന്നില്ല. ചാർലിയുടെയും ഈ വനിതയുടെയും മകൾ തൊഴിൽരഹിതയാണ്. മകളുടെ പിതാവിന്റെ സ്ഥാനത്ത് ചാർലി എന്നാണു പേരുള്ളതെന്നും കമ്മിഷൻ കണ്ടെത്തി. ചാർലി മറ്റൊരാളെ വിവാഹം കഴിച്ചിട്ടുണ്ട്. പ്രസ്തുത വിവാഹം റജിസ്റ്റർ ചെയ്തിട്ടുണ്ട്.
ഒരേ റേഷനിങ് ഓഫിസറുടെ അധികാര പരിധിയിൽ എ.സി.ചാർലി എന്ന പേര് രണ്ടു റേഷൻ കാർഡുകളിൽ ഉൾപ്പെട്ടത് റേഷനിങ് ഇൻസ്പെക്ടർമാരുടെ ഭാഗത്തു നിന്നുണ്ടായ വീഴ്ചയാണെന്ന് കമ്മിഷൻ കണ്ടെത്തി. ചാർലിയുടെ സ്വത്തിന്റെ പിന്തുടർച്ചാവകാശം ലഭ്യമാക്കാൻ റേഷൻ കാർഡ് വിവിധ ഓഫിസുകളിൽ ഹാജരാക്കിയിട്ടുണ്ടെന്ന് പരാതിക്കാരൻ അറിയിച്ചു. തുടർന്നാണ് വ്യാജരേഖകൾ ഹാജരാക്കിയാണോ ചാർലിയുടെ പേര് റേഷൻകാർഡിൽ ഉൾപ്പെടുത്തിയതെന്നന്വേഷിക്കാൻ കമ്മിഷൻ തീരുമാനിച്ചത്. അന്വേഷണത്തിൽ റേഷൻ ഇൻസ്പെക്ടർമാർ, റേഷൻഷോപ്പ് നടത്തിയിരുന്നവർ എന്നിവരെ കണ്ട് വിശദമായ അന്വേഷണം നടത്തണമെന്ന് കെ.ബൈജുനാഥ് നിർദേശിച്ചു.