കോഴിക്കോട്: കോഴിക്കോട് അതിമാരക മയക്കുമരുന്നായഎം ഡിഎംഎ യുമായി യുവാവ് പിടിയില്‍. വളാഞ്ചേരി പൂക്കാട്ടിരി സ്വദേശി മുഹമ്മദ് യാസിർ ( 24) എന്നയാളെയാണ് മെഡിക്കൽ കോളേജ് പൊലീസ് 18ഗ്രാം എംഡിഎംഎയുമായി പിടിയിലായത്. മെഡിക്കല്‍ കോളേജ് സ്റ്റേഷൻ പരിധിയിലെ അൻസാരി ഹോട്ടലിന് സമീപത്ത് നിന്നുമാണ് പ്രതിയെ പൊലീസ് പൊക്കിയത്.
ജില്ല ഡെപ്യൂട്ടി കമ്മീഷണർ ആമോസ് മാമൻ ഐ പി എസ്സിൻ്റെ നിർദേശപ്രകാരം ജില്ലയിൽ വ്യാപകമായ രീതിയിൽ റെയ്ഡും നടപടികളും തുടർന്നു വരവേ ലഭിച്ച രഹസ്യ വിവരത്തെ തുടര്‍ന്നാണ് അറസ്റ്റ്. നാർക്കോട്ടിക്ക് സെൽ അസിസ്റ്റൻ്റ് കമ്മീഷണർ പ്രകാശൻ പടന്നയിലിൻ്റെ നേതൃത്വത്തിലുള്ള പ്രത്യേക പോലീസ് സംഘവും (ഡൻസാഫ്) മെഡിക്കൽ കോളേജ് പോലീസ് ഇൻസ്പെക്ടർ ബെന്നി ലാലുവിൻ്റെ നേതൃത്വത്തിലുള്ള പോലീസും ചേർന്നാണ് പ്രതിയെ പിടികൂടിയത്.
വാഹന പരിശോധനക്കിടെയാണ് മയക്കുമരുന്നുമായി മുഹമ്മദ് യാസിര്‍ പൊലീസിന്‍റെ മുന്നില്‍പ്പെട്ടത്. പെയിൻ്റിംങ്ങ് തൊഴിലാളിയായ പ്രതി ജില്ലയുടെ വിവിധ ഭാഗങ്ങളിൽ വലിയ തുകയ്ക്ക് ലഹരിവില്പന നടത്തുന്നതായി പോലീസിന് വിവരം ലഭിച്ചിരുന്നു. പിടിച്ചെടുത്ത എംഡിഎംഎ മയക്കുമരുന്നിന് ചില്ലറ വിപണിയിൽ ഒരു ലക്ഷത്തോളം രൂപ വരും. മെഡിക്കൽ കോളേജ് പരിസരത്തെ ഹോസ്റ്റലുകൾ കേന്ദ്രീകരിച്ച് ലഹരിമരുന്നിൻ്റെ ഉപയോഗം വർദ്ധിച്ചു വരുന്നതായി പരാതി പോലീസിന് ലഭിച്ചിരുന്നു. യാസിർ തന്നെയാണോ എന്ന് പൊലീസ് പരിശോധിച്ച് വരികയാണ്.
പ്രതിക്ക് മയക്കുമരുന്ന് ലഭിച്ച ഉറവിടത്തെപറ്റിയും, പ്രതികളുമായി മയക്കുമരുന്ന് ഇടപാട് നടത്തുന്നവരെ കുറിച്ച് പോലീസ് അന്വേഷണം തുടങ്ങിയിട്ടുണ്ടെന്നും ഇനിയും ഇത്തരത്തിൽ കടത്തിക്കൊണ്ടുവരുന്ന മയക്കുമരുന്ന് കണ്ടെത്താൻ പോലീസ് രഹസ്യമായ നിരീക്ഷണം ആരംഭിച്ചിട്ടുള്ളതായി ഡിസിപി ആമോസ് മാമൻ പറഞ്ഞു. വിവിധ ഇനങ്ങളിൽപെട്ട മയക്കുമരുന്നിന്റെ വിപണനവും ഉപയോഗവും നടക്കുന്നതായി വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തിൽ ജില്ലയില്‍ പരിശോധന ശക്തമാക്കിയിട്ടുണ്ട്.