വടകര: വടകരയിൽ പൊലീസ് കസ്റ്റഡിയിലെടുത്ത യുവാവ് മരിച്ച സംഭവത്തിൽ എസ്.ഐ ഉൾപ്പെടെ മൂന്നുപേർക്ക് സസ്പെൻഷൻ. എസ്.ഐ എം. നിജീഷ്, എ.എസ്.ഐ അരുൺ, സിവിൽ പൊലീസ് ഓഫിസർ ഗിരീഷ് എന്നിവർക്കെതിരെയാണ് നടപടി. വാഹനാപകട കേസുമായി ബന്ധപ്പെട്ട് സ്റ്റേഷനിലെത്തിച്ച വടകര കല്ലേരി സ്വദേശി സജീവനാണ് (42) വ്യാഴാഴ്ച രാത്രി 11.30ഓടെ മരിച്ചത്. പ്രാഥമികാന്വേഷണത്തിൽ വീഴ്ച കണ്ടെത്തിയതിനെ തുടർന്നാണ് ഇവരെ സസ്പെൻഡ് ചെയ്തത്.
മരണത്തെ കുറിച്ച് അന്വേഷിക്കാൻ ജില്ലാ ക്രൈംബ്രാഞ്ച് ഡിവൈ.എസ്.പി ഹരിദാസിനെ ചുമതലപ്പെടുത്തി. സജീവനെ വടകര എസ്.ഐ നിജേഷ് മർദിച്ചതായി സുഹൃത്തുക്കളും ബന്ധുക്കളും ആരോപിച്ചിരുന്നു. കുഴഞ്ഞു വീണപ്പോൾ ആശുപത്രിയിലെത്തിക്കാൻ പൊലീസ് തയാറായില്ലെന്നും സുഹൃത്തുക്കൾ ആരോപിച്ചിരുന്നു. ഈ സാഹചര്യത്തിലാണ് അന്വേഷണം ക്രൈംബ്രാഞ്ചിനെ ഏൽപ്പിച്ചത്.