തിരുവല്ല: വഴിയാത്രക്കാരായ സ്ത്രീകളെ കയറിപ്പിടിച്ചതടക്കം ഒട്ടനവധി ക്രിമിനൽ കേസുകളിലെ പ്രതി 19 കാരിയുടെ സ്വർണ മാല പൊട്ടിച്ച് കടന്ന സംഭവത്തിൽ തിരുവല്ല പൊലീസിന്റെ പിടിയിലായി. തിരുവല്ല വള്ളംകുളം രജി ഭവനിൽ സുജിത്ത് ചന്ദ്രൻ (39) ആണ് പിടിയിലായത്. മോഷണവും വഴിയാത്രക്കാരായ സ്ത്രീകളെ കടന്നു പിടിച്ചതുമടക്കം നിരവധി ക്രിമിനൽ കേസുകളിലെ പ്രതിയാണ് സുജിത്തെന്ന് പൊലീസ് പറഞ്ഞു.
കുറ്റപ്പുഴ സ്വദേശിനിയായ കോളേജ് വിദ്യാർത്ഥിനിയുടെ 10 ഗ്രാം തൂക്കം വരുന്ന സ്വർണ മാല പൊട്ടിച്ചു സ്കൂട്ടറിൽ കടന്ന കേസിലാണ് അറസ്റ്റ്. സി.സി ടി വി യും മൊബൈൽ നമ്പരും കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് പ്രതി പിടിയിലായത്. ഇക്കഴിഞ്ഞ തിങ്കളാഴ്ച രാവിലെ തിരുവല്ല റെയിൽവേ സ്റ്റേഷന് മുമ്പിലായിരുന്നു കേസിനാസ്പദമായ സംഭവം.
റെയിൽവേ സ്റ്റേഷന് മുമ്പിലെ എ.ടി.എം കൗണ്ടറിൽ നിന്നും പണമെടുക്കാനായി ഓട്ടോറിക്ഷയിൽ നിന്നും ഇറങ്ങിയ പെൺകുട്ടിയുടെ കഴുത്തിൽ കിടന്ന മാല പൊട്ടിച്ചെടുത്ത ശേഷം സുജിത്ത് സ്കൂട്ടറിൽ രക്ഷപ്പെടുകയായിരുന്നു. മോഷ്ടിച്ച മാല ചെങ്ങന്നൂരിലെ സ്വകാര്യ പണമിടപാട് സ്ഥാപനത്തിൽ ഇയാൾ പണയം വെച്ചിരുന്നു. ഇവിടെ നിന്നും ഇത് പൊലീസ് കണ്ടെടുത്തു.
ഡി വൈ എസ് പി ടി. രാജപ്പന്റെ നിർദ്ദേശ പ്രകാരം പ്രിൻസിപ്പൽ എസ്.ഐ അനീഷ് ഏബ്രഹാം, എസ്.ഐ സന്തോഷ്, സിനിയർ സി പി ഒമാരായ കെ ആർ ജയകുമാർ, പ്രബോധ് ചന്ദ്രൻ, സജീവ്, മാത്യു പി ജോൺ എന്നിവരടങ്ങുന്ന സംഘമാണ് പ്രതിയെ പിടികൂടിയത്.