വിക്ടോറിയ : ഓസ്ട്രേലിയയിലെ വടക്കൻ വിക്ടോറിയയിലെ മിൽഡുറ എന്ന പട്ടണം ബുധനാഴ്ച വൈകുന്നേരം സാക്ഷ്യം വഹിച്ചത് ഒരു പ്രത്യേകതരം കാഴ്ചയ്ക്കായിരുന്നു. രാത്രി ആകാശത്ത് നിഗൂഢമായ തരത്തിൽ ഒരു തിളക്കമുള്ള പിങ്ക് നിറം പ്രത്യക്ഷപ്പെട്ടു. ആകാശം മൊത്തം ആ നിറത്തിൽ കുളിച്ചിരിക്കുന്നു. ഇത് കണ്ട പട്ടണവാസികൾ ആകെ അമ്പരന്നു എന്ന് പ്രത്യേകം പറയേണ്ടതില്ലല്ലോ.
പലരും ഇതിന് അവരുടേതായ പലവിധ കാരണങ്ങളും കെട്ടിച്ചമച്ചു. ചിലർ പറഞ്ഞത് ഇത് അന്യഗ്രഹജീവികളിറങ്ങി വന്ന് അവിടം മൊത്തം അവരുടെ കൈപ്പിടിയിലൊതുക്കാൻ പോകുന്നതിന്റെ ഭാഗമായി ഉണ്ടായതാണ് എന്നാണ്. പ്രദേശവാസിയായ ഒരു സ്ത്രീ പറഞ്ഞത് താനാകെ പരിഭ്രമിച്ചു പോയി, ലോകം അവസാനിക്കാൻ പോവുകയാണോ എന്ന് ഭയന്നുപോയി എന്നാണ്. മറ്റൊരാൾ കരുതിയത് ഏതോ അന്യഗ്രഹജീവികൾ വന്ന് ആ പ്രദേശം മൊത്തം പിടിച്ചടക്കി എന്നാണ്.
എന്നാൽ, അവസാനം ഇതിന്റെ ഉറവിടം കണ്ടെത്തി. ഈ പിങ്ക് നിറം വന്നത് പ്രദേശത്തെ ഒരു കഞ്ചാവ് ഫാമിൽ നിന്നുമാണ്. മെഡിസിനൽ ആവശ്യങ്ങൾക്ക് വേണ്ടി കഞ്ചാവ് വളർത്തുന്ന ഫാമിൽ നിന്നുമാണ് ഈ നിറം വന്നത്. ഫാർമസ്യൂട്ടിക്കൽ കമ്പനിയായ കാൻ ഗ്രൂപ്പ് അതിന്റെ മെഡിസിനൽ കഞ്ചാവ് സ്ഥാപനത്തിൽ നിന്നാണ് ഈ നിറം വന്നത് എന്നും മറ്റ് പ്രധാന ലൈറ്റുകളെല്ലാം ഓഫാക്കിയപ്പോൾ പിങ്ക് നിറം വന്നതാണ് എന്നും വ്യക്തമാക്കി.
പിങ്ക് നിറമുള്ള വെളിച്ചത്തെ കുറിച്ച് വിശദീകരിക്കവെ കാൻ ഗ്രൂപ്പിന്റെ സീനിയർ കമ്മ്യൂണിക്കേറ്റ് മാനേജർ റൈസ് കോഹെൻ വിശദീകരിച്ചത്, കഞ്ചാവിന്റെ വളർച്ചയ്ക്ക് വേണ്ടി വിവിധ തരത്തിലുള്ള ലൈറ്റുകൾ ഉപയോഗിക്കാറുണ്ട് എന്നാണ്. സാധാരണയായി സൂര്യനസ്തമിച്ച ശേഷമാണ് ഇത്തരം ലൈറ്റുകളിടാറുള്ളത് എന്നാൽ കഴിഞ്ഞ ദിവസം നേരത്തെ തന്നെ ലൈറ്റിട്ടു. അതുകൊണ്ടാണ് അങ്ങനെ ഒരു നിറം വന്നത് എന്നും കമ്പനി വിശദീകരിച്ചു.
2016 മുതൽ തന്നെ ഓസ്ട്രേലിയയിൽ മെഡിസിനൽ കഞ്ചാവിന് അനുമതിയുണ്ട്. പലവിധ അസുഖങ്ങൾക്കും കഞ്ചാവ് അടങ്ങിയ മരുന്നുകൾ നൽകാറുമുണ്ട്. എന്നാൽ, കഞ്ചാവ് വളർത്തുന്ന ഫാമുകളുടെ വിവരങ്ങൾ രഹസ്യമായി സൂക്ഷിക്കാറാണ് പതിവ്. ഈ പിങ്ക് നിറം വന്നിരിക്കുന്ന ഫാമും കൃത്യമായി എവിടെയാണ് സ്ഥിതി ചെയ്യുന്നത് എന്ന് വ്യക്തമല്ല. ഇനിയും അത് രഹസ്യമായി തന്നെ ഇരിക്കും എന്നാണ് കരുതുന്നത്.