ദില്ലി: കൊവിഡ് 19 നെതിരായ പോരാട്ടത്തിൽ നിർണായകമായ വാക്സീന്‍റെ ഒറ്റ ഡോസ് പോലും എടുക്കാത്തവരുടെ കണക്ക് പുറത്തുവിട്ട് കേന്ദ്ര ആരോഗ്യമന്ത്രാലയം. വാക്സിനേഷന് അർഹരായവരിൽ 4 കോടി പേരാണ് ഇതുവരെ കൊവിഡ് വാക്സിന്‍റെ ഒറ്റ ഡോസ് പോലും സ്വീകരിച്ചിട്ടില്ലാത്തത്. കേന്ദ്ര ആരോഗ്യ സഹമന്ത്രി ഭാരതി പ്രവീണ് പവാർ ലോക്സഭയിൽ അറിയിച്ചതാണ് ഇക്കാര്യം. ഇതുവരെ 98 ശതമാനം പേർ രാജ്യത്ത് വാക്സിന്‍റെ ആദ്യ ഡോസും, 90 ശതമാനം പേർ രണ്ട് ഡോസും സ്വീകരിച്ചെന്നും കേന്ദ്ര ആരോഗ്യ സഹമന്ത്രി വ്യക്തമാക്കി.
ഇക്കഴിഞ്ഞ 17 ാം തിയതി കൊവിഡ് വാക്സിൻ വിതരണം രാജ്യത്ത് മൊത്തം 200 കോടി ഡോസ് പിന്നിട്ടിരുന്നു. 18 മാസം കൊണ്ടാണ് രാജ്യം ഈ നേട്ടം കൈവരിച്ചത്. 2021 ജനുവരി 16 ന് തുടങ്ങിയ ഇന്ത്യയിലെ കൊവിഡ് വാക്സീന്‍ വിതരണം കൃത്യം 18 മാസം പിന്നിടുമ്പോഴാണ് അപൂർവ നേട്ടത്തിലെത്തിയത്. ഇതോടെ രാജ്യത്തെ 90 ശതമാനം ആളുകൾക്കും ഒരു ഡോസ് കൊവിഡ് വാക്സീനെങ്കിലും നല്‍കാനായെന്ന് അന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം വ്യക്തമാക്കുകയും ചെയ്തിരുന്നു.