ദില്ലി : ഹോട്ടൽ തന്റെ പേരിൽ എഴുതി നൽകാത്തതിന് മകൻ അച്ഛനെയും അമ്മയെയും വെടിവെച്ച് കൊന്നു. ഹരിയാനയിലെ ഝജ്ജര്‍ റോഡിലെ വാര്‍ഡ് 18ലാണ് അതിദാരുണമായ സംഭവം. ഇന്ന് പുലര്‍ച്ചെ നാല് മണിയോടെയാണ് ഇരട്ടക്കൊലപാതകം നടന്നതായി പൊലീസിന് വിവരം ലഭിച്ചത്. സംഭവ സ്ഥലത്ത് എത്തിയ പൊലീസ് മൃതദേഹം കണ്ടെടുത്തു. സംഭവത്തിൽ അന്വേഷണം ആരംഭിച്ചു 58 കാരനായ. ചന്ദ്രഭാനും ഭാര്യയുമാണ് കൊല്ലപ്പെട്ടത്. ഇയാൾ ഒരു ഹോട്ടൽ നടത്തി വരികയായിരുന്നു. ഹോട്ടല്‍ തനിക്ക് എഴുതി നൽകണമെന്നായിരുന്നു മകൻ തരുണിന്റെ ആവശ്യം. എന്നാൽ ഈ ആവശ്യം ചന്ദ്രഭാൻ നിഷേധിച്ചു.
ശനിയാഴ്ച പുലര്‍ച്ചെ അച്ഛനും അമ്മയും ഉറങ്ങിക്കിടക്കുമ്പോഴാണ് തരുൺ ഇരുവരെയും വെടിവെച്ച് കൊന്നത്. വെടിവെപ്പിന്റെ ശബ്ദം കേട്ട് ഓടിയെത്തിയ തരുണിന്റെ ഭാര്യയാണ് രക്തത്തിൽ കുളിച്ചുകിടക്കുന്ന ചന്ദ്രഭാനെയും ഭാര്യയെയും ആദ്യം കണ്ടത്. ഇവരാണ് സംഭവം പൊലീസിനെ അറിയിച്ചത്. കൊലപാതകത്തിന് പിന്നാലെ തരുൺ സംഭവ സ്ഥലത്തുനിന്ന് ഓടി രക്ഷപ്പെട്ടു. ഇയാൾ ഇപ്പോൾ ഒളിവിലാണ്. പ്രതിക്ക് വേണ്ടി പൊലീസ് തിരച്ചിൽ ആരംഭിച്ചു.