വിപണിയില്‍ നിന്ന് വാങ്ങിക്കുന്ന പല ഭക്ഷ്യ ഉത്പന്നങ്ങളിലും മായം കലര്‍ന്നിരിക്കാനുള്ള സാധ്യതകളേറെയാണ്. പച്ചക്കറികളും പഴങ്ങളും മുതല്‍ പാക്കറ്റ് ഭക്ഷണങ്ങള്‍ വരെ ഇത്തരത്തില്‍ മായം കലര്‍ന്നതാകാനുള്ള സാധ്യതകളുണ്ട്. പലപ്പോഴും ഇത്തരം വാര്‍ത്തകള്‍ നമ്മള്‍ കാണാറുമുണ്ട്. കടകളില്‍ നിന്ന് വാങ്ങിക്കുന്ന സ്പൈസുകളും ഇത്തരത്തില്‍ മായം കലര്‍ന്ന് വരാറുണ്ട്. മുളകുപൊടി, മല്ലിപ്പൊടി, കുരുമുളക് പൊടി എന്നിങ്ങനെയുള്ള പൊടികളിലും മായം കലര്‍ത്തിയിരിക്കാം. എന്നാല്‍ ഇതെല്ലാം എങ്ങനെയാണ് കണ്ടുപിടിക്കുക?
ഏതാനും മാസങ്ങള്‍ക്ക് മുമ്പ് ഗുജറാത്തിലെ നദിയദില്‍ 900 കിലോ മായം കലര്‍ത്തിയ മുളകുപൊടി റെയ്ഡില്‍ പിടിച്ചെടുത്ത വാര്‍ത്ത ശ്രദ്ധിച്ച എത്ര പേരുണ്ട്? ഫുഡ് ആന്‍റ് ഡ്രഗ് കണ്‍ട്രോള്‍ അഡ്മിനിസ്ട്രേഷൻ ആണ് റെയ്ഡ് നടത്തിയത്. കോണ്‍ഫ്ളോര്‍, ഭക്ഷണത്തില്‍ ചേര്‍ക്കാൻ പാടില്ലാത്ത കളര്‍, എന്നിവയാണ് ഇതില്‍ ചേര്‍ത്തിരുന്നത്.
ഇഷ്ടികപ്പൊടി, ഫ്രഞ്ച് ചോക്ക് അല്ലെങ്കില്‍ മാക്കല്ല് എന്നിവയും മുളകുപൊടിയില്‍ മായമായി കലര്‍ത്താറുണ്ട്. ഇങ്ങനെ മുളകുപൊടിയില്‍ മായം കലര്‍ന്നിട്ടുണ്ടോയെന്ന് എങ്ങനെയാണ് തിരച്ചറിയാൻ സാധിക്കുകയെന്ന ആശങ്ക വേണ്ട. ഇതിനൊരു മാര്‍ഗം നിര്‍ദേശിക്കുകയാണ് ഫുഡ് സേഫ്റ്റി സ്റ്റാൻഡേര്‍ഡ്സ് അതോറിറ്റി ഓഫ് ഇന്ത്യ.
ആദ്യം ഒരു ഗ്ലാസ് വെള്ളമെടുക്കുക. ഇനിയിതിലേക്ക് കടയില്‍ നിന്ന് വാങ്ങിയ മുളകുപൊടി ഒരു ടീസ്പൂണ്‍ ചേര്‍ക്കാം. അല്‍പസമയത്തിനകം ഗ്ലാസിലെ വെള്ളത്തില്‍ അടിഭാഗത്തായി പൊടി അടിഞ്ഞുവരും. ഇങ്ങനെ അടിയുന്ന മട്ട് അല്‍പമെടുത്ത് കൈവെള്ളയില്‍ വയ്ക്കുക.
ഇനിയിത് വിരലറ്റം കൊണ്ട് പതിയെ ഉരച്ചുനോക്കാം. ഉരയ്ക്കുമ്പോള്‍ കടുപ്പമുള്ള തരിയായി തോന്നുന്നുവെങ്കില്‍ ഇതില്‍ ഇഷ്ടികപ്പൊടി ചേര്‍ത്തിട്ടുണ്ടാകാം. മറിച്ച്, വല്ലാതെ പേസ്റ്റ് പോലെ തോന്നുന്നുവെങ്കില്‍ ഫ്രഞ്ച് ചോക്ക് അല്ലെങ്കില്‍ മാക്കല്ല് ചേര്‍ത്തിരിക്കാം.