ദില്ലി: ഗോവയിലെ ബാർ നടത്തിപ്പുമായി ബന്ധപ്പെട്ട വിവാദങ്ങൾക്കിടെ സ്മൃതി ഇറാനിയുടെ മറുപടിക്ക് തിരിച്ചടി വീഡിയോയുമായി കോൺഗ്രസ്. സ്മൃതി ഇറാനിയുടെ മകൾ സോയിഷ് ഇറാനി ആരോപണ വിധേയമായ ബാർ റെസ്റ്ററിന്റിനെ കുറിച്ച് സംസാരിക്കുന്ന വീഡിയോ ആണ് കോൺഗ്രസ് നേതാവ് ബിവി ശ്രീനിവാസ് പുറത്തുവിട്ടിരിക്കുന്നത്. റസ്റ്ററിന്റിനെ കുറിച്ച് സോയിഷ് ഇറാനി സംസാരിക്കുന്നതും, ഇത് തന്റെ ഉടമസ്ഥതയിലുള്ളതാണെന്ന് സോയിഷ് പറയുന്നതും വീഡിയോയിലുണ്ട്.
ഇതിൽ ആരാണ് കള്ളം പറയുന്നത് എന്ന കുറിപ്പോടെയാണ് വീഡിയോ ശ്രീനിവാസ് പങ്കുവച്ചിരിക്കുന്നത്. സ്മൃതി ഇറാനിയുടേതെന്ന തരത്തിൽ ചില ട്വീറ്റുകളുടെ സ്ക്രീൻ ഷോട്ടുകളും ബിവി ശ്രീനിവാസ് പങ്കുവച്ചിട്ടുണ്ട്. സോയ ഇറാനിയെയും റസ്റ്ററന്റിനെയും ടാഗ് ചെയ്ത് ഏറെ അഭിമാനം എന്ന് ഇൻസ്റ്റഗ്രാം സ്റ്റോറിയിൽ സ്മൃതി ഇറാനി കുറിച്ചെന്ന തരത്തിലുള്ള സ്ക്രീൻ ഷോട്ടുകളാണിവ.
ഗോവയിലെ ബാര്‍ നടത്തിപ്പ് സംബന്ധിച്ച വിവാദത്തില്‍ കോണ്‍ഗ്രസിനെതിരെ കടുത്ത പ്രതികരണവുമായി കേന്ദ്ര മന്ത്രിയും ബിജെപി നേതാവുമായ സ്മൃതി ഇറാനി രംത്തെത്തിയിരുന്നു. തന്‍റെ മകള്‍ ആദ്യവര്‍ഷ കോളജ് വിദ്യാര്‍ഥിനിയാണ്, അല്ലാതെ ബാര്‍ നടത്തുകയല്ലെന്നുമായിരുന്നു പ്രതികരണം. സോണിയയും രാഹുൽ ഗാന്ധിയും ചേർന്ന് 5000 കോടി രൂപ കൊള്ളയടിച്ചതിനെക്കുറിച്ച് അമ്മ വാർത്താസമ്മേളനം നടത്തിയതാണ് തന്‍റെ മകള്‍ ചെയ്ത തെറ്റ്. കൂടാതെ 2014ലും 2019ലും ലോക്സഭ തെരഞ്ഞെടുപ്പില്‍ രാഹുല്‍ ഗാന്ധിക്കെതിരെ മത്സരിക്കുകയും ചെയ്തു.
ധൈര്യമുണ്ടെങ്കില്‍ അടുത്ത ലോക്സഭ തെരഞ്ഞെടുപ്പില്‍ അമേഠിയിലേക്ക് മത്സരിക്കാന്‍ വരൂ എന്നാണ് രാഹുല്‍ ഗാന്ധിയെ സ്മൃതി ഇറാനി വെല്ലുവിളിച്ചത്. ഉറപ്പായും രാഹുല്‍ തോല്‍ക്കുമെന്നും മന്ത്രി പറഞ്ഞു. ജീവിച്ചിരിപ്പില്ലാത്ത ആളുടെ പേരിൽ ഗോവയിൽ ബാർ ലൈസൻസ് സ്വന്തമാക്കിയെന്നായിരുന്നു സ്മൃതി ഇറാനിയുടെ മകൾക്കെതിരെ ആരോപണം ഉയര്‍ന്നത്. ഇതേ തുടര്‍ന്ന് എക്സൈസ് വകുപ്പ് നോട്ടീസ് അയച്ചുവെന്നും ആരോപണത്തില്‍ പറഞ്ഞിരുന്നു.