വടകര : വാഹനാപകടവുമായി ബന്ധപ്പെട്ടു പൊലീസ് കസ്റ്റഡിയിലെടുത്ത കല്ലേരി സ്വദേശി സജീവൻ (41) പൊലീസ് സ്റ്റേഷൻ വളപ്പിൽ കുഴഞ്ഞുവീണു മരിച്ച സംഭവത്തിൽ ക്രൈംബ്രാഞ്ച് അന്വേഷണം തുടങ്ങി. വടകര പൊലീസ് സ്റ്റേഷനില്‍ എത്തിയ അന്വേഷണ സംഘം ഉദ്യോഗസ്ഥരില്‍നിന്നു വിവരങ്ങള്‍ ശേഖരിച്ചു. 15 ദിവസത്തിനകം അന്വേഷണ റിപ്പോര്‍ട്ട് സര്‍ക്കാരിന് സമര്‍പ്പിക്കും.
ഇന്നലെയാണ് അന്വേഷണം ക്രൈംബ്രാഞ്ചിന് കൈമാറിയത്. ഇന്ന് വടകര സ്റ്റേഷനില്‍ എത്തിയ ക്രൈംബ്രാഞ്ച് സംഘം, സംഭവ ദിവസം ഡ്യൂട്ടിയിൽ ഉണ്ടായിരുന്ന ഉദ്യോഗസ്ഥരില്‍നിന്ന് വിവരങ്ങള്‍ ശേഖരിച്ചു. സ്റ്റേഷനിലെ സിസിടിവി ക്യാമറ ദൃശ്യങ്ങള്‍ ശാസ്ത്രീയ പരിശോധനയ്ക്കായി അയച്ചു. പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട് ലഭിക്കാത്തതിനാല്‍ പൊലീസ് സര്‍ജനില്‍നിന്ന് വിവരങ്ങള്‍ ശേഖരിച്ചു. സജീവന്‍ വീണു കിടന്ന സ്ഥലത്തും പരിശോധന നടത്തി. വിരലടയാള വിദഗ്ധര്‍ ഉള്‍പ്പടെയുള്ള ഫൊറന്‍സിക് സംഘം ക്രൈംബ്രാഞ്ചിനൊപ്പം ഉണ്ടായിരുന്നു.
സംഭവത്തെത്തുടർന്ന് സസ്പെന്‍ഷനിലായ എസ്ഐ എം.നിജീഷ്, എഎസ്ഐ അരുൺ കുമാർ, സിവിൽ പൊലീസ് ഓഫിസർ ഗിരീഷ് എന്നിവരുടെ മൊഴി അടുത്ത ദിവസം രേഖപ്പെടുത്തും. സജീവന്റെ സുഹൃത്തുകളെയും ബന്ധുക്കളെയും ക്രൈംബ്രാഞ്ച് സംഘം സന്ദർശിക്കും. ക്രൈംബ്രാഞ്ച് ഡിവൈഎസ്പി ആർ.ഹരിദാസിന്റെ നേതൃത്വത്തിലാണ് കേസ് അന്വേഷിക്കുന്നത്.
വാഹനാപകടവുമായി ബന്ധപ്പെട്ട് സജീവനെ പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു. കസ്റ്റഡിയിൽനിന്നു വിട്ടതിനുശേഷം സ്റ്റേഷന്‍ വളപ്പില്‍ കുഴഞ്ഞുവീണു മരിക്കുകയായിരുന്നു. പൊലീസ് മര്‍ദനത്തെ തുടര്‍ന്നാണ് മരണമെന്നാണ് ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും ആരോപണം.