ന്യൂഡൽഹി : രാജ്യതലസ്ഥാനത്ത് മങ്കിപോക്സ് റിപ്പോർട്ട് ചെയ്ത സാഹചര്യത്തിൽ കേന്ദ്ര ആരോഗ്യമന്ത്രാലയം ഉന്നത ഉദ്യോഗസ്ഥരുടെ അടിയന്തരയോഗം വിളിച്ചു. രോഗം സ്ഥിരീകരിച്ചയാൾ വിദേശയാത്ര നടത്തിയിട്ടില്ല. ഹിമാചൽ പ്രദേശിലെ മണാലിയിൽ അടുത്തിടെ ഒരു വിരുന്നിൽ മാത്രമാണ് യുവാവ് പങ്കെടുത്തത്. ഇതോടെ രാജ്യത്ത് മങ്കിപോക്സ് സ്ഥിരീകരിച്ചവരുടെ എണ്ണം നാലായി. രോഗം സ്ഥിരീകരിച്ച ബാക്കി മൂന്നു പേർ കേരളത്തിലാണ്.
ഡൽഹിയിൽ രോഗം സ്ഥിരീകരിച്ച യുവാവ് ഡൽഹി മൗലാന ആസാദ് മെഡിക്കൽ കോളജിൽ ചികിത്സയിലാണ്. ലക്ഷണങ്ങൾ കാണിച്ചു തുടങ്ങിയതോടെ മൂന്നു ദിവസം മുൻപാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ശനിയാഴ്ച സാംപിളുകൾ പുണെ വൈറോളജി ഇൻസ്റ്റ്യൂട്ടിൽ പരിശോധനയ്ക്ക് അയച്ചിരുന്നു. ഫലം വന്നപ്പോൾ പോസിറ്റീവ് ആയി.
കേരളത്തിൽ രോഗം സ്ഥിരീകരിച്ച മൂന്നു പേരും വിദേശത്തുനിന്നും എത്തിയവരാണ്. ഒരാൾ യുഎഇയിൽനിന്നും ബാക്കി രണ്ടു പേർ ദുബായിൽനിന്നും. മങ്കിപോക്സ് വ്യാപകമായി പടരുന്ന സാഹചര്യത്തിൽ ലോകാരോഗ്യ സംഘടന ഇതിനെ നേരിടാൻ ആഗോള അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിട്ടുണ്ട്.