തിരുവനന്തപുരം: സിഎസ്ഐ ദക്ഷിണ കേരള മഹാ ഇടവക ആസ്ഥാനത്ത് ഇഡി പരിശോധന. കാരക്കോണം മെഡിക്കൽ കോളേജ് അഴിമതിയുമായി ബന്ധപ്പെട്ടാണ് എൻഫോഴ്സ്മെന്റിന്റെ പരിശോധന. കള്ളപ്പണം വെളുപ്പിക്കലിന് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ബിഷപ്പ് ധർമരാജ് റസാലം ഉൾപ്പെടെയുള്ളവർക്കെതിരെ നേരത്തെ കേസെടുത്തിരുന്നു. ബിഷപ്പ് ഉൾപ്പെടെ മൂന്ന് പേർക്കെതിരെയാണ് കേസെടുത്തത്. ഹൈക്കോടതി നിർദേശപ്രകാരമായിരുന്നു നടപടി. കാരക്കോണം മെഡിക്കൽ കോളേജ് കോഴക്കേസിൽ വെള്ളറട പൊലീസ് നടത്തുന്ന അന്വേഷനം കാര്യക്ഷമമല്ലെന്ന് ആരോപിച്ച് നേരത്തെ ഹൈക്കോടതിയിൽ ഹർജി എത്തിയിരുന്നു. അന്വേഷണം ഏറ്റെടുക്കാൻ ഇഡിയോട് നിർദ്ദേശിക്കണം എന്നതായിരുന്നു ആവശ്യം. കേസ് പരിഗണിക്കവേ ഹൈക്കോടതി വലിയ തിമിംഗലങ്ങൾ രക്ഷപ്പെടരുതെന്ന് പരാമർശിച്ചിരുന്നു. തുടർന്ന് അന്വേഷണം ഹൈക്കോടതി ക്രൈംബ്രാഞ്ചിന് കൈമാറിയിരുന്നു.
സിഎസ്ഐ ദക്ഷിണ കേരള മഹാ ഇടവക ആസ്ഥാനത്തിന് (LMS) പുറമേ, മൂന്നിടത്ത് കൂടി ഇഡി പരിശോധന നടക്കുന്നുണ്ട്. കാരക്കോണം മെഡിക്കൽ കോളേജ്, സെക്രട്ടറി ടി.പി.പ്രവീണിന്റെ വീട്, കോളേജ് ഡയറക്ടർ ബെന്നറ്റ് എബ്രഹാമിന്റ് വീട് എന്നിവിടങ്ങളിലാണ് പരിശോധന പുരോഗമിക്കുന്നത്. അതേസമയം പ്രവീൺ വീട്ടിലിലെന്നാണ് വിവരം. ചെന്നൈയിലേക്ക് പോയെന്നാണ് വീട്ടിലുള്ളവർ എൻഫോഴ്സ്മെന്റിന് അറിയിച്ചത്.