ദില്ലി : അധ്യാപക നിയമന അഴിമതി കേസില്‍ അറസ്റ്റിലായ(arrest) പശ്ചിമബംഗാൾ മന്ത്രി പാർത്ഥ ചാറ്റർജിയെ ചികിൽസക്കായി ഭുവനേശ്വർ എയിംസിലേക്ക് മാറ്റി.കൊൽക്കത്ത ഹൈക്കോടതി നിർദേശപ്രകാരമാണ് സർക്കാർ ആശുപത്രിയിൽ നിന്ന് എയിംസിലേക്ക് മാറ്റിയത്. എൻഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റിന്‍റെ ഹർജിയിലാണ് നടപടി. പാർത്ഥ ചാറ്റർജിയെ എയർ ആംബുലൻസിൽ കൊണ്ട് പോകാമെന്നാണ് കോടതി ഉത്തരവിട്ടത്.അത് അനുസരിച്ചായിരുന്നു കൊണ്ടുപോയത്.
ഇഡി കസ്റ്റഡിയിൽ വിട്ടതിന് പിന്നാലെ ദേഹാസ്വാസ്ഥ്യമുണ്ടായിനെ തുടർന്നാണ് കൊൽക്കത്ത എസ്എസ് കെ എം ആശുപത്രിയിൽ പാർത്ഥയെ പ്രവേശിപ്പിച്ചത്. എന്നാൽ മെഡിക്കല്‍ രേഖകള്‍ പ്രകാരം പാര്‍ത്ഥ ചാറ്റര്‍ജി ആരോഗ്യവാനാണെന്ന് ഇഡി വാദിച്ചു. ആശുപത്രിയെ സുരക്ഷാ കേന്ദ്രമായി മന്ത്രി കാണുകയാണെന്നും, ഇക്കാലയളവ് കസ്റ്റഡിയായി പരിഗണിക്കില്ലെന്നും ഇഡി കോടതിയെ അറിയിച്ചു. ഇതിനിടെ പാര്‍ത്ഥ ചാറ്റര്‍ജിയുടെ സഹായി അര്‍പിത മുഖര്‍ജിയെ ഒരു ദിവസത്തേക്ക് ചോദ്യം ചെയ്യാന്‍ ഇഡിയുടെ കസ്റ്റഡിയില്‍ വിട്ടു. ഇന്ന് സാമ്പത്തിക കുറ്റകൃത്യങ്ങള്‍ കൈകാര്യം ചെയ്യുന്ന കോടതിയില്‍ ഹാജരാക്കണം. അതേസമയം, അന്വേഷണം സമയബന്ധിതമായി പൂര്‍ത്തിയാക്കണമെന്ന് തൃണമൂല്‍ കോണ്‍ഗ്രസ് ആവശ്യപ്പെട്ടു.
കഴിഞ്ഞ ദിവസം നടത്തിയ തിരച്ചിലിലാണ് അർപ്പിതയുടെ വീട്ടിൽ നിന്ന് 20 കോടി രൂപ കണ്ടെടുത്തത്. പശ്ചിമ ബംഗാൾ സ്കൂൾ സർവീസ് കമ്മീഷനിലെയും പശ്ചിമ ബംഗാൾ പ്രൈമറി എജുക്കേഷൻ ബോർഡിലെയും റിക്രൂട്ട്മെന്റ് അഴിമതിയിൽ നിന്നുള്ള വരുമാനമാണ് ഈ തുകയെന്നാണ് ഇ ഡിയുടെ സംശയം. ബംഗാളിലെ മുൻ വിദ്യാഭ്യാസമന്ത്രിയായിരുന്നു പാർത്ഥ ചാറ്റർജി. അതുകൊണ്ടുതന്നെ ഇദ്ദേഹത്തിന് അഴിമതിയിൽ പങ്കുണ്ടെന്നാണ് ഇ ഡി സംശയിക്കുന്നത്. ബംഗാൾ രാഷ്ട്രീയത്തിൽ വലിയ വിവാദത്തിന് തിരി കൊളുത്തിരിക്കുകയാണ് സംഭവം. അർപ്പിതയുടെ വീട്ടിൽ നിന്ന് 2000, 500 നോട്ടുകളായിട്ടാണ് പണം കണ്ടെടുത്തത്. നോട്ടെണ്ണൽ യന്ത്രത്തിന്റെ സഹായത്തോടെയാണ് എണ്ണി പൂർത്തിയാക്കിയത്.
അതേസമയം സംഭവം വലിയ രാഷ്ട്രീയ വിവാദമായിട്ടുണ്ട്. മന്ത്രി പാർത്ഥ ചാറ്റർജിയുടെ അറസ്റ്റില്‍ മമത ബാനര്‍ജിയുടെ മൗനം കുറ്റസമ്മതമെന്നാണ് ബി ജെ പിയുടെ കുറ്റപ്പെടുത്തൽ. പാർത്ഥയിൽ നിന്ന് അകലാൻ മമത ശ്രമിച്ചാലും ഇരുവരും തമ്മിലുള്ള ബന്ധം പകൽ പോലെ വ്യക്തമാണെന്നും ബി ജെ പി സംസ്ഥാന നേതത്വം ആരോപിച്ചു. എന്നാൽ മന്ത്രിയുടെ അറസ്റ്റ് രാഷ്ട്രീയ പ്രേരിത നീക്കമെന്നാണ് തൃണമൂൽ കോൺഗ്രസ് ആവർത്തിക്കുന്നത്. അന്വേഷണം സമയബന്ധിതമായി പൂര്‍ത്തിയാക്കണമെന്നും തൃണമൂല്‍ കോണ്‍ഗ്രസ് ആവശ്യപ്പെട്ടിട്ടുണ്ട്.