കണ്ണൂർ: പുതിയ മെഡിക്കൽ കോളജുകളെ പൂർണതോതിൽ പ്രവർത്തന സജ്ജമാക്കാൻ നടപടികളെടുത്തിട്ടുണ്ടെന്ന് ആരോഗ്യമന്ത്രി വീണ ജോർജ്. നിരന്തര ഇടപെടൽ നടത്തുകയാണ്. പരിയാരത്ത് 700 ആരോഗ്യ പ്രവർത്തകരുടെ ഇൻറഗ്രേഷൻ പൂർത്തിയായി. കോന്നിയിൽ 354 കോടി ആകെ അനുവദിച്ചു. ഉപകരണങ്ങൾ വാങ്ങാനായി മാത്രം 18 കോടി അനുവദിച്ചു. ഒപിയും ഐപിയും തുടങ്ങിയതിന് പുറമേ അത്യാഹിത വിഭാഗവും ശസ്ത്രക്രിയ യൂണിറ്റും സജ്ജമാക്കി. എം ബി ബി എസ് പ്രവേശനത്തിനായി ദേശീയ മെഡിക്കൽ കമ്മിഷൻ ഒന്നു രണ്ടു നിർദ്ദേശങ്ങൾ മുന്നോട്ട് വച്ചിരുന്നു. അത് ശരിയാക്കി. അവർ വീണ്ടും സന്ദർശിക്കും. അനുമതി കിട്ടുമെന്നാണ് പ്രതീക്ഷയെന്നും മന്ത്രി വീണ ജോർജ് പറഞ്ഞു.
കാസർകോഡ് മെഡിക്കൽ കോളജിലെ കെട്ടിടത്തിനായി ഇലക്ട്രിക് ജോലികൾ പൂർത്തിയാക്കാനുണ്ട്. അത് പൂർത്തിയാക്കാൻ കിഫ്ബിയിൽ നിന്ന് പണമനുവദിച്ച് വികസന പ്രവർത്തനങ്ങൾ നടക്കുന്നുവെന്നും മന്ത്രി വീണ ജോർജ് പറഞ്ഞു. വെറുതെ ഒരു മെഡിക്കൽ കോളജ് എന്ന ഏഷ്യാനെറ്റ് ന്യൂസ് വാർത്താ പരമ്പരയോട് പ്രതികരിക്കുകയായിരുന്നു ആരോഗ്യ മന്ത്രി വീണ ജോർജ്.