കണ്ണൂർ: മട്ടന്നൂർ നഗരസഭയിലേക്കുള്ള തെരഞ്ഞെടുപ്പ് ഓഗസ്റ്റ് 20ന് നടക്കും. വോട്ടെണ്ണൽ 22ന്. തെരഞ്ഞെടുപ്പ് വിജ്ഞാപനം ജൂലൈ 26 ചൊവ്വാഴ്‌ച പുറപ്പെടുവിക്കുമെന്ന് സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷണർ അറിയിച്ചു. ജൂലൈ 26 മുതൽ നാമനിർദേശ പത്രിക സമർപ്പിക്കാം. ആഗസ്റ്റ് രണ്ട് വരെ നാമനിർദേശ പത്രിക സ്വീകരിക്കും. സൂക്ഷ്‌മപരിശോധന ആഗസ്റ്റ് മൂന്നിന് നടക്കും. പത്രിക ആഗസ്റ്റ് അഞ്ച് വരെ പിൻവലിക്കാം.
മട്ടന്നൂർ നഗരസഭാ പ്രദേശത്ത് ജൂലൈ 25 മുതൽ മാതൃകാ പെരുമാറ്റച്ചട്ടം നിലവിൽവന്നു. കണ്ണൂർ കലക്‌ടറേറ്റ് കോൺഫറൻസ് ഹാളിൽ സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷണർ എ ഷാജഹാൻ വിളിച്ചുചേർത്ത വാർത്താ സമ്മേളനത്തിലാണ് തെരഞ്ഞെടുപ്പ് കാര്യപരിപാടി അറിയിച്ചത്. 2020 ഡിസംബറിൽ സംസ്ഥാനത്തെ 1200 തദ്ദേശ സ്ഥാപനങ്ങളിൽ, മട്ടന്നൂർ നഗരസഭ ഒഴികെ എല്ലായിടത്തും പൊതുതിരഞ്ഞെടുപ്പ് നടന്നിരുന്നു. മട്ടന്നൂർ നഗരസഭ രൂപീകരണവുമായി ബന്ധപ്പെട്ട് കോടതി കേസുണ്ടായിരുന്നതിനാൽ ആദ്യ തെരഞ്ഞെടുപ്പ് 1997ൽ പ്രത്യേകമായാണ് നടത്തിയത്. അതിന്റെ തുടർച്ചയായി, മട്ടന്നൂർ നഗരസഭയുടെ കാലാവധി 2022 സെപ്റ്റംബർ 10ന് മാത്രമാണ് അവസാനിക്കുന്നത്. തെരഞ്ഞെടുക്കപ്പെടുന്ന പുതിയ കൗൺസിലർമാർ സെപ്റ്റംബർ 11ന് സത്യപ്രതിജ്ഞ ചെയ്‌ത് അധികാരമേൽക്കും.
മട്ടന്നൂർ നഗരസഭയിൽ ആകെ 35 വാർഡുകളിലായി 38,812 വോട്ടർമാരാണുള്ളത്. നിലവിലെ വാർഡുകളുടെ അതിർത്തികളിൽ മാറ്റമില്ല. വോട്ടർമാരിൽ 18,200 പുരുഷൻമാരും 20610 സ്ത്രീകളും രണ്ട് ട്രാൻസ്‌ജെൻഡറുമാണുള്ളത്. പ്രവാസി ഭാരതീയർക്കുള്ള പ്രത്യേക വോട്ടർപട്ടികയിൽ ആരും പേര് ചേർത്തിട്ടില്ല. നഗരസഭയിലെ 18 വാർഡുകൾ സ്‌ത്രീകൾക്കും ഒന്ന് പട്ടികജാതി വിഭാഗത്തിനുമായി സംവരണം ചെയ്‌തിരിക്കുന്നു.
സംവരണ വാർഡുകൾ
മട്ടന്നൂർ നഗരസഭാ പൊതുതെരഞ്ഞെടുപ്പിന് 35 വാർഡുകളിൽ 18 എണ്ണം സ്‌ത്രീകൾക്കും ഒരെണ്ണം പട്ടികജാതി വിഭാഗത്തിനുമായി സംവരണം ചെയ്തിരിക്കുന്നു.
സ്‌ത്രീ സംവരണ വാർഡുകൾ: 2 പൊറോറ, 4 കീച്ചേരി, 5 ആണിക്കരി, 8 മുണ്ടയോട്, 9 പെരുവയൽക്കരി, 12 കോളാരി, 14 അയ്യല്ലൂർ, 15 ഇടവേലിക്കൽ, 18 കരേറ്റ, 21 പെരിഞ്ചേരി, 22 ദേവർകാട്, 23 കാര, 25 ഇല്ലംഭാഗം, 26 മലക്കുതാഴെ, 27 എയർപോർട്ട്, 28 മട്ടന്നൂർ, 34 മേറ്റടി, 35 നാലാങ്കേരി.
പട്ടികജാതി സംവരണം: 30 പാലോട്ടുപള്ളി. ഈ വർഷം ചെയർപേഴ്‌സൻ സ്ഥാനം ജനറൽ വിഭാഗത്തിനാണ്. ഡെപ്യൂട്ടി ചെയർപേഴ്‌സൻ സ്‌ത്രീ സംവരണമാണ്.