ന്യൂഡൽഹി: 100 കോടി രൂപയ്ക്ക് രാജ്യസഭാ സീറ്റ് വിൽപ്പനയ്ക്കെന്ന ഓഫറുമായി ഇടപാടു നടത്തിയിരുന്ന റാക്കറ്റ് സിബിഐയുടെ വലയിൽ. പണം കൈമാറുന്നതിന് തൊട്ടുമുൻപാണ് റാക്കറ്റിനെ അഴിക്കുള്ളിലാക്കിയത്. ഗവർണർ സ്ഥാനത്തിനും 100 കോടി രൂപയായിരുന്നു വാഗ്ദാനം.
കുറച്ചുനാളുകളായി ഫോൺവഴിയുള്ള ഇത്തരം ഇടപാടു കോളുകൾ സിബിഐ നിരീക്ഷിക്കുന്നുണ്ടായിരുന്നു. നാലു പേരെയാണ് അറസ്റ്റ് ചെയ്തിരിക്കുന്നത്. മഹാരാഷ്ട്ര സ്വദേശി കർമലാകർ പ്രേംകുമാർ ബന്ദ്ഗർ, കർണാടക സ്വദേശി രവീന്ദ്ര വിതൽ നായക്, ഡൽഹി സ്വദേശികളായ മഹേന്ദ്ര പാൽ അറോറ, അഭിഷേക് ബൂറ എന്നിവരാണ് അറസ്റ്റിലായിരിക്കുന്നതെന്ന് ദേശീയമാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
രാജ്യസഭാ സീറ്റും ഗവർണർ സ്ഥാനവും മാത്രമല്ല, സർക്കാർ സംഘടനകളിലും മന്ത്രാലയങ്ങളിലും വകുപ്പുകളിലും മറ്റും ചെയർപഴ്സൻ സ്ഥാനവും ഇവർ വാഗ്ദാനം ചെയ്ത് ആൾക്കാരെ കബളിപ്പിച്ചിരുന്നുവെന്നാണ് വിവരം. അഭിഷേക് ബൂറയും കർമലാകർ പ്രേംകുമാർ ബന്ദ്ഗറും ചേർന്നാണ് ബന്ദ്ഗറുടെ ബന്ധങ്ങൾ ഉപയോഗിച്ച് ഉയർന്ന സർക്കാർ ഉദ്യോഗസ്ഥരുമായി ചങ്ങാത്തത്തിലായി ഇത്തരം കബളിപ്പിക്കല്‍ നടപ്പാക്കാനൊരുങ്ങിയത്.