തിരുവനന്തപുരം : പോലീസ് സേനയുടെ നവീകരണത്തിനു വേണ്ടി കേന്ദ്ര ആഭ്യന്തര മന്ത്രാലയം അനുവദിച്ച ഫണ്ടിൽ 69.62 കോടി രൂപയുടെ വിനിയോഗ സർട്ടിഫിക്കറ്റ് സംസ്ഥാനം സമർപ്പിച്ചിട്ടില്ലെന്ന് വിവരാവകാശരേഖ. ഫണ്ടുകൾ കൃത്യമായി വിനിയോഗിക്കാത്തതിനാൽ ആവശ്യത്തിനു സുരക്ഷാ ഉപകരണങ്ങളില്ലാതെയാണ് അക്രമികളെ നേരിടാൻ പോലീസിനു പോകേണ്ടി വരുന്നത്. പോലീസ് സേനയുടെ നവീകരണത്തിനു കേന്ദ്ര ആഭ്യന്തര മന്ത്രാലയം 2018-19 ൽ അനുവദിച്ചത് 17.78 കോടി രൂപ. സംസ്ഥാനം ചെലവഴിച്ചത് 2.17 കോടി മാത്രം. 2019-20 ൽ കേന്ദ്രം നൽകിയത് 54.01 കോടി രൂപ. ആ സാമ്പത്തിക വർഷം ഒരു രൂപ പോലും ചെലവഴിച്ചിട്ടില്ലെന്ന് വിവരാവകാശ രേഖകൾ വ്യക്തമാക്കുന്നു.
ഇക്കാരണത്താൽ 2020 – 2021, 2021-22 സാമ്പത്തിക വർഷം സംസ്ഥാനത്തിനു ലഭിക്കേണ്ട തുക കേന്ദ്രം നൽകിയില്ല. 2014-15 മുതൽ 2021 ഒക്ടോബർ 10 വരെ പോലീസിന്റെ നവീകരണത്തിന് 143.01 കോടി രൂപയാണ് കേന്ദ്ര ആഭ്യന്തര മന്ത്രാലയം നൽകിയത്. പോലീസ് സ്റ്റേഷനുകളുടെ നവീകരണം, പരിശീലന കേന്ദ്രങ്ങൾ, ആധുനിക ആയുധങ്ങൾ, വാഹനങ്ങൾ, ആശയ വിനിമയ ഉപകരണങ്ങൾ, ഫൊറൻസിക് സജ്ജീകരണം തുടങ്ങിയവയ്ക്കാണ് കേന്ദ്രം ഫണ്ട് അനുവദിക്കുന്നത്. സംസ്ഥാനത്ത് മാവോയിസ്റ്റ്, തീവ്രവാദ സംഘടനകൾ ശക്തി പ്രാപിക്കുന്നതിനിടയിലാണ് ആധുനികവൽക്കരണത്തിനു കേന്ദ്ര സർക്കാർ നൽകിയ ഫണ്ട് ചെലവഴിക്കുന്നതിൽ കേരള പോലീസ് അലംഭാവം കാട്ടുന്നത്. വിവരാവകാശ പ്രവർത്തകൻ കെ.ഗോവിന്ദൻ നമ്പൂതിരിയാണ് കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിൽനിന്ന് വിവരങ്ങൾ ശേഖരിച്ചത്.