കോഴിക്കോട്: വയോധികനെയും ഭാര്യയേയും മകന്‍ വീട്ടില്‍ നിന്ന് ഇറക്കി വിട്ടതായ വിവരത്തെ തുടര്‍ന്ന് സ്ഥലത്തെത്തിയ മാധ്യമ പ്രവര്‍ത്തകനെ മര്‍ദ്ധിച്ച മൂന്നുപേര്‍ അറസ്റ്റില്‍. താമരശ്ശേരി ചുടലമുക്ക് കൂടത്തിങ്കല്‍ ചന്ദ്രനേയും ഭാര്യയേയും മകനും ബന്ധുക്കളും ചേര്‍ന്ന് രാത്രിയില്‍ വീട്ടില്‍ നിന്നും ഇറക്കിവിട്ടു എന്ന വിവരത്തെ തുടര്‍ന്ന് സ്ഥലത്തെത്തിയ മാധ്യമ പ്രവര്‍ത്തകന്‍ മജീദ് താമരശ്ശേരിയെ അക്രമിച്ച സംഭവത്തിലാണ് അറസ്റ്റ്.
ചന്ദ്രന്റെ മക്കളായ സായികുമാര്‍, സനൂപ്, സായികുമാറിന്റെ ഭാര്യാ പിതാവ് രാധാകൃഷ്ണന്‍ എന്നിവരെയാണ് താമരശ്ശേരി പോലീസ് അറസ്റ്റ് ചെയ്തത്. ഏട്ട് പേരടങ്ങിയ സംഘമാണ് മജീദിനെ അക്രമിച്ചത്. ചന്ദ്രനില്‍ നിന്ന് വിവരങ്ങള്‍ ചോദിച്ചറിയുന്നതിനിടെ പ്രകോപനമില്ലാതെ അക്രമിക്കുകയായിരുന്നു. മൊബൈല്‍ ഫോണ്‍ പിടിച്ചെടുത്ത് വലിച്ചെറിയുകയും സ്‌കൂട്ടര്‍ മറിച്ചിടുകയും ചെയ്തു. ചന്ദ്രന്റെ പിതാവിന്റെ പേരിലുള്ള വീടും സ്ഥലവും മകന്‍ സായികുമാറിന്റെ പേരിലേക്ക് രജിസ്റ്റര്‍ ചെയ്തിരുന്നു.
ഈ വീട്ടിലാണ് ചന്ദ്രനും ഭാര്യയും താമസിച്ചിരുന്നത്. ചന്ദ്രന്റെ പേരിലുള്ള സ്ഥലത്തിന്റെ വിഹിതം നല്‍കണമെന്നാവശ്യപ്പെട്ട് മകന്‍ സായികുമാര്‍ ഇവരെ ഇറക്കി വിട്ട് വീട് പൂട്ടി പോവുകയായിരുന്നു. ചന്ദ്രന്റെ രണ്ടാമത്തെ ഭാര്യയിലുള്ള മകന്‍ വിദേശത്ത് നിന്ന് വിളിച്ചറിയിച്ചതിനെ തുടര്‍ന്ന് താമരശ്ശേരി പോലീസ് സ്ഥലത്തെത്തുകയും സായികുമാറിനെ വിളിച്ചു വരുത്തി രാത്രിയില്‍ വീട് തുറന്ന് ചന്ദ്രന്റെ വീട്ടുപകരണങ്ങള്‍ പുറത്തെടുക്കാന്‍ അനുവദിക്കുകയുമായിരുന്നു. ഈ വിവരം അറിഞ്ഞാണ് മാധ്യമപ്രവര്‍ത്തകനായ മജീദ് സ്ഥലത്തെത്തിയത്. നാട്ടുകാര്‍ ഇടപെട്ടാണ് മജീദിനെ അക്രമികളില്‍ നിന്ന് രക്ഷപ്പെടുത്തിയത്.