കോഴിക്കോട്: കോഴിക്കോട് കൃഷിയിടത്തിൽ ഇറങ്ങിയ പന്നിയെ വെടിവെച്ച് കൊന്നു. താമരശ്ശേരിയിലെ കൃഷിയിടത്തിൽ ഇറങ്ങിയ കാട്ടുപന്നിയെ ആണ് കഴിഞ്ഞ ദിവസം വെടിവെച്ച് കൊന്നത്. താമരശ്ശേരി വെഴുപ്പുർ വൃന്ദാവൻ എസ്റ്റേറ്റിലെ വിശ്വനാഥൻറെ കൃഷിയിടത്തിൽ കൃഷി നശിപ്പിച്ചു കൊണ്ടിരുന്ന കാട്ടുപന്നിയെയാണ് വനം വകുപ്പ് എം പാനൽ ഷൂട്ടർ മൈക്കാവ്കുന്നു പുറത്ത് തങ്കച്ചൻ വെടിവെച്ച് കൊന്നത്.
താമരശ്ശേരി ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് ജെ.ടി. അബ്ദ റഹിമാൻ മാസ്റ്റർ, സംയുക്ത കർഷക കൂട്ടായ്മ ചെയർമാൻ കെ.വി. സെബാസ്റ്റ്യൻ എന്നിവരുടെ സാന്നിദ്ധ്യത്തിൽ കാട്ടുപന്നിയെ സംസ്ക്കരിച്ചു. പഞ്ചായത്ത് പ്രസിഡന്‍റുമാർക്ക് കാട്ടുപന്നികളെ കൊല്ലാൻ ഉത്തരവ് നൽകാനുള്ള അധികാരം കൈവന്ന ശേഷം താമരശ്ശേരിയിലെ ആദ്യ സംഭവമാണ് ഇത്. കോഴിക്കോട് ജില്ലയുടെ മലയോര മേഖലകളിൽ കാട്ടുപന്നികൾ കൃഷി നശിപ്പിക്കുന്നത് പതിവാകുകയാണ്. വനപ്രദേശത്തിനോട് അടുത്തുള്ള കൃഷിയിടങ്ങളില്‍ മാത്രമല്ല, ജനവാസ കേന്ദ്രങ്ങളില്‍ കൃഷി ചെയ്താലും കാട്ടുപന്നികൾ കൂട്ടത്തോടെ വന്ന് നശിപ്പിക്കുകയാണെന്ന് കർഷകർ പറയുന്നു.
കപ്പ കൃഷിയാണ് പന്നികള്‍ ഏറ്റവും കൂടുതൽ നശിപ്പിക്കുന്നത്. കൂടാതെ വാഴ, ചേമ്പ്, ചേന തുടങ്ങിയവ കൃഷി ചെയ്യുന്ന കര്‍ഷകരെല്ലാം പന്നികളേ പേടിച്ചാണ് കഴിയുന്നത്. കൂട്ടത്തോടെ നാട്ടിലിറങ്ങുന്ന പന്നികള്‍ എല്ലാ കൃഷികളും ഇവ നശിപ്പിക്കുന്നുണ്ട്. കപ്പയ്ക്ക് മാർക്കറ്റിൽ 40 രൂപയാണ് വിലയെങ്കിലും കർഷകർക്ക് കൃഷി ഇറക്കിയതിന്‍റെ ചെലവിനുള്ള വിളവ് പോലും പന്നികൾ നൽകുന്നില്ല. വല്ലപ്പോഴും മാത്രമാണ് ഒന്നോ രണ്ടോ പന്നിയെ വെടിവെച്ച് ഇല്ലാതാക്കാൻ കർഷകർക്ക് അനുവാദം ലഭിക്കുന്നത്. പന്നി ശല്യം ഒഴിവാക്കാനായി വനംവകുപ്പ് വേണ്ട നടപടികള്‍ സ്വീകരിക്കണമെന്നാണ് നാട്ടുകാര്‍ ആവശ്യപ്പെടുന്നത്.