യുഎസ് : ഭൂമിയിലെ ജീവജാലങ്ങളെ നിരീക്ഷിച്ചു പഠിച്ച്, ജൈവവൈവിധ്യ സന്ദേശവാഹകനായി പരിണമിച്ച യുഎസ് ജീവശാസ്ത്രജ്ഞന്‍ എഡ്വേഡ് ഒ.വില്‍സന്‍ (92) അന്തരിച്ചു. ഹാര്‍വഡ് സര്‍വകലാശാലയില്‍ 46 കൊല്ലം അധ്യാപകനായിരുന്ന വില്‍സന്‍, ഷഡ്പദങ്ങളെക്കുറിച്ചുള്ള അറിവുകളുടെ അക്ഷയഖനിയായിരുന്നു, ഉറുമ്പുസ്‌നേഹിയും. നാച്വറല്‍ സിലക്ഷന്‍ (പ്രകൃതി നിര്‍ധാരണം) ജീവജാലങ്ങളുടെ സ്വഭാവത്തെ ബാധിക്കുന്നതെങ്ങനെയെന്നു മനസ്സിലാക്കാന്‍ പതിറ്റാണ്ടുകളോളം ഗവേഷണത്തില്‍ മുഴുകി. ആധുനികകാലത്തെ ചാള്‍സ് ഡാര്‍വിന്‍ എന്ന വിശേഷണത്തിനുടമയായി.
‘ഓണ്‍ ഹ്യുമന്‍ നേച്ചര്‍’ എന്ന കൃതി 1979 ലെ പുലിറ്റ്‌സര്‍ പുരസ്‌കാരം നേടി. ബെര്‍ട് ഹോള്‍ഡോബ്ലറുമായി ചേര്‍ന്നെഴുതിയ ‘ദി ആന്റ്‌സി’ന് 1991 ലെ പുലിറ്റ്സര്‍ ലഭിച്ചു. യുഎസിലെ അലബാമയില്‍ 1929 ജൂണ്‍ 10നാണ് എഡ്വേഡ് ഓസ്‌ബോണ്‍ വില്‍സന്റെ ജനനം. 8 വയസ്സായപ്പോള്‍ മാതാപിതാക്കള്‍ വേര്‍പിരിഞ്ഞു. നൊമ്പരങ്ങളുടെ ബാല്യത്തിന് ആശ്വാസം പകര്‍ന്നതു വീടിനടുത്തുള്ള ചെറുവനങ്ങളും കുളങ്ങളും അവിടങ്ങളിലെ ജീവജാലങ്ങളുമായിരുന്നെന്നു ‘നാച്വറലിസ്റ്റ്’ എന്ന സ്മരണകളില്‍ വില്‍സന്‍ എഴുതിയിട്ടുണ്ട്. ചൂണ്ട കൊണ്ട് വലതുകണ്ണിന്റെ കാഴ്ച ഭാഗികമായി നഷ്ടപ്പെട്ടതോടെ നിലത്തുമാത്രം നോക്കി നടക്കുന്നതു ശീലമായി. അങ്ങനെയാണ് ഉറുമ്പുകളില്‍ ആകൃഷ്ടനായത്.
‘ദി ഇന്‍സെക്റ്റ് സൊസൈറ്റീസ്’ (1971), ഡോ. മകാര്‍തറുമായി ചേര്‍ന്നെഴുതിയ ‘ദ് തിയറി ഓഫ് ഐലന്‍ഡ് ബയോജ്യോഗ്രഫി’ (1967), വിവാദം സൃഷ്ടിച്ച ‘സോഷ്യോബയോളജി: ദ് ന്യൂ സിന്തസെസ്’ (1975), ‘ദ് ഡൈവേഴ്‌സിറ്റി ഓഫ് ലൈഫ്’ (1992) തുടങ്ങിയവയാണു ശ്രദ്ധേയമായ മറ്റു രചനകള്‍.