ചെന്നൈ: ചെസിന്‍റെ വിശ്വമാമാങ്കത്തിന് തമിഴ്നാട് ഒരുങ്ങി. നാൽപ്പത്തി നാലാമത് ലോക ചെസ് ഒളിംപ്യാഡിന്ന് മഹാബലിപുരത്ത് നാളെ തുടക്കമാകും. 187 രാജ്യങ്ങളിൽ നിന്നുള്ള ചെസ് താരങ്ങളാകും ഇന്ത്യ ആദ്യമായി ആതിഥേയരാകുന്ന ചെസ് ഒളിംപ്യാഡിൽ പങ്കെടുക്കുക. ലോകത്തിലെ ഏറ്റവും വലിയ ചെസ് മേളയ്ക്കുള്ള അവസാനവട്ട തയ്യാറെടുപ്പിലാണ് തമിഴകം. പ്രധാനമന്ത്രി നരേന്ദ്രമോദിയാണ് ഒളിംപ്യാഡ് ഉദ്ഘാടനം ചെയ്യുക.
187 ദേശീയ ചെസ് ഫെഡറേഷനുകളെ പ്രതിനിധീകരിച്ച് 343 ടീമുകളും 1700 ലധികം കളിക്കാരുമാണ് പതിനാല് നാൾ നീണ്ടുനിൽക്കുന്ന വിശ്വപോരാട്ടത്തിൽ ഏറ്റുമുട്ടുക. അക്ഷരാർത്ഥത്തിൽ ചെസിന്‍റെ മാമാങ്കമാണ് തമിഴകത്ത് ഉണരുന്നത്. ഒന്നിനും ഒരു കുറവും വരാതിരിക്കാൻ സൂക്ഷ്മശ്രദ്ധയോടെ തയ്യാറെടുപ്പുകളുമായി അവസാനവട്ടത്തിലും സംഘാടകർ രംഗത്തുണ്ട്. പരമ്പരാഗത തമിഴ് വേഷ്ടിയും വെള്ളക്കുപ്പായവുമിട്ട ഭാഗ്യചിഹ്നം തമ്പി നഗരമെങ്ങും ഭൂമിയുടെ നാനാകോണിൽ നിന്നുമെത്തുന്ന കളിക്കാരെയും സംഘത്തെയും സ്വാഗതം ചെയ്തുനിൽക്കുന്നു.
നാളെ വൈകിട്ട് ഏഴുമണിക്ക് 75 നഗരങ്ങൾ ചുറ്റിയ ദീപശിഖാപ്രയാണം ചെന്നൈയിലെത്തും. ജവഹർലാൽ നെഹ്രു സ്റ്റേഡിയത്തിൽ നടക്കുന്ന പകിട്ടേറിയ ചടങ്ങിൽ പ്രധാനമന്ത്രി ലോക ചെസ് മേള ഉദ്ഘാടനം ചെയ്യും. മഹാബലിപുരത്തെ ഷെറാട്ടൺ ഫോർ പോയിന്‍റ്സ് ബീച്ച് റിസോർട്ടാണ് പ്രധാന മത്സരവേദി. ഇന്ത്യ മൂന്ന് ടീമുകളെയാണ് കളത്തിലിറക്കുന്നത്. ഒന്നാം നിര താരങ്ങളെല്ലാം മാറ്റുരയ്ക്കുന്ന മാമാങ്കത്തിൽ ഗ്രാൻഡ്മാസ്റ്റർമാരായ എസ് എൽ നാരായണനും നിഹാൽ സരിനും കേരളത്തിന്‍റെ സാന്നിദ്ധ്യമാകും. കൂർമബുദ്ധിയുടേയും കണക്കുകൂട്ടലിന്‍റേയും കണിശനീക്കങ്ങളുടെ വിശ്വമാമാങ്കത്തിന് അണിഞ്ഞൊരുങ്ങി നിൽക്കുകയാണ് ചെന്നൈയും മഹാബലിപുരവും. 1927 മുതല്‍ സംഘടിപ്പിക്കുന്ന ചെസ് ഒളിംപ്യാഡ് 30 വര്‍ഷത്തിന് ശേഷമാണ് ഏഷ്യയിലെത്തുന്നത്. 187 രാജ്യങ്ങളാണ് ഇക്കുറി പങ്കെടുക്കുന്നത്. ഏതൊരു ചെസ് ഒളിംപ്യാഡിലേയും ഏറ്റവും വലിയ പങ്കാളിത്തമാണിത്.