ദില്ലി : കോൺഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധിയെ എൻഫോഴ്സ്മെന്റ് ഡയറക്ട്രേറ്റ് തുടർച്ചയായി ചോദ്യം ചെയ്യുന്നതിരെ കോൺഗ്രസ് നേതാക്കൾ. കേന്ദ്ര സർക്കാർ നിയമം ഗുരുപയോഗം ചെയ്യുകയാണെന്ന് കോൺഗ്രസ് കുറ്റപ്പെടുത്തി. ആരോഗ്യ പ്രശ്നങ്ങൾ പോലും പരിഗണിക്കാതെയാണ് സോണിയയെ ചോദ്യം ചെയ്യുന്നതെന്നും ഇത് ഉചിതമായ നടപടിയല്ലെന്നും മുതിർന്ന നേതാവ് ഗുലാംനബി ആസാദ് കുറ്റപ്പെടുത്തി. പ്രായം പോലും പരിഗണിക്കാതെ വലിയ സമ്മർദ്ദമാണ് എൻഫോഴ്സ്മെന്റ് സോണിയക്ക് നൽകുന്നത്. 50 മണിക്കൂറിലേറെ രാഹുൽ ഗാന്ധിയെ ചോദ്യം ചെയ്തിരുന്നു. അതിനപ്പുറം എന്താണ് സോണിയ ഗാന്ധിയിൽ നിന്ന് അറിയാനുള്ളതെന്നും ഗുലാംനബി ആസാദ് ചോദിച്ചു. ആരോഗ്യ പ്രശ്നങ്ങൾ കാരണമാണ് താൻ കോൺഗ്രസ് സംഘടിപ്പിച്ച പ്രതിഷേധ പരിപാടികൾക്ക് ഇതുവരെ എത്താതിരുന്നതെന്നും അദ്ദേഹം വിശദീകരിച്ചു.
സോണിയയെ ചോദ്യം ചെയ്യുന്നതല്ല കേന്ദ്രം നിയമം ദുരുപയോഗം ചെയ്യുന്നതാണ് വിഷയമെന്ന് ആനന്ദ് ശർമ്മയും കുറ്റപ്പെടുത്തി. നിയമം ജനങ്ങളെ ഭീഷണിപ്പെടുത്താൻ ഉപയോഗിക്കുന്നു. ജനാധിപത്യത്തിൽ എതിരാളികൾ ഉണ്ടാകും. എന്നാൽ ഈ നടപടി അത്യന്തം ഖേദകരമാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
സോണിയയുടെ ചോദ്യം ചെയ്യൽ മൂന്നാം ദിവസത്തേക്ക് കടന്നതോടെയാണ് തമ്മിലടിയും നേതൃത്വത്തോടുള്ള കലഹവും മറന്ന് ഗ്രൂപ്പ് 23 നേതാക്കളും എഐസിസി ആസ്ഥാനത്ത് വാർത്ത സമ്മേളനത്തിലെത്തിയത്. ഒരിടവേളക്ക് ശേഷമാണ് ഗുലാം നബി ആസാദ്, ആനന്ദ് ശർമ്മ എന്നിവർ ഔദ്യോഗിക വാർത്ത സമ്മേളനത്തിലെത്തിയതെന്നതും ശ്രദ്ധയമാണ്.