തിരുവനന്തപുരം: സംസ്ഥാനത്ത് മന്ത്രിമാരുടേയും എം എൽ എമാരുടേയും ശമ്പളം കൂട്ടും. ഇതേക്കുറിച്ച് പഠിക്കാൻ സർക്കാർ ഏകാംഗ കമ്മിഷനെ ചുമതലപ്പെടുത്തി. മന്ത്രിസഭാ യോഗത്തിന്‍റേത് ആണ് തീരുമാനം.ജസ്റ്റിസ് സി.എൻ.രാമചന്ദ്രൻ നായരെ ആണ് കമ്മിഷമായി നിയോഗിച്ചത്. ആറ് മാസത്തിനുള്ളിൽ കമ്മിഷൻ റിപ്പോർട്ട് നൽകണം. നിലവിൽ മന്ത്രിമാർക്ക് 90000 രൂപയാണ് ലഭിക്കുന്നത്. എം എൽ എമാർക്ക് ആകട്ടെ 70000 രൂപയും. ടി എ ഡി എ അടക്കമാണ് ഈ തുക. 2018ൽ ആണ് മന്ത്രിമാർക്കും എം എൽ എമാർക്കും കേരളത്തിൽ ശമ്പള വർധന നടപ്പാക്കിയത്.
2018ൽ ജസ്റ്റിസ് ജയിംസ് കമ്മറ്റി ശുപാർശ അനുസരിച്ചാണ് മന്ത്രിമാരുടെ ശമ്പളം 55012 രൂപയിൽ നിന്ന് 90000 രൂപയായും എം എൽ എമാരുടെ ശമ്പളം 39500 രൂപയിൽ നിന്ന് 70000 രൂപയുമാക്കി ഉയർത്തിയത്. അന്ന് ജസ്റ്റിസ് ജയിംസ് കമ്മറ്റി നൽകിയ ശുപാർശ അനുസരിച്ച് മന്ത്രിമാരുടെ ശമ്പളം 1.43ലക്ഷം ആക്കാം എന്നായിരുന്നു. എന്നാൽ മന്ത്രിസഭാ യോഗം അത് 90000 രൂപയിൽ നിജപ്പെടുത്തുകയായിരുന്നു.അതേ സമയം സംസ്ഥാനം കടുത്ത സാമ്പത്തിക പ്രതിസന്ധി നേരിടുമ്പോൾ ഇനിയുമൊരു വർധന നടപ്പാക്കേണ്ടതുണ്ടോയെന്നാണ് ഉയരുന്ന വിമർശനം.