തിരുവനന്തപുരം: കുളച്ചിലിൽ നിന്ന് കിട്ടിയ യുവാവിന്റെ മൃതദേഹം വിഴിഞ്ഞം സ്വദേശി കിരണിന്റേതെന്ന് സ്ഥിരീകരിച്ചു. ആഴിമലയിൽ നിന്ന് കാണാതായ കിരണിന്റേതാണ് മൃതദേഹം എന്ന് ഇന്ന് പുറത്ത് വന്ന ഡി എൻ എ പരിശോധന ഫലം വ്യക്തമാക്കുന്നു. ഈ മാസം പത്താം തീയതിയാണ് ആഴിമലയിൽ നിന്ന് കിരണിനെ കാണാതായത്.
മൃതദേഹത്തിന്‍റെ കയ്യിലെ ചരടും കിരൺ കെട്ടിയിരുന്ന ചരടും തമ്മിൽ സാമ്യമുണ്ടെന്ന് കിരണിന്‍റെ അച്ഛൻ മധു നേരത്തെ വ്യക്തമാക്കിയിരുന്നു. മൃതദേഹം തിരിച്ചറിയാൻ കഴിയാത്ത അവസ്ഥയിലായിരുന്നു. തിരുവനന്തപുരത്ത് വിഴിഞ്ഞത്തിനടുത്ത് മൊട്ടമൂട് സ്വദേശിയായിരുന്നു കിരൺ.
രണ്ട് സുഹൃത്തുക്കള്‍ക്കൊപ്പമാണ് മൊട്ടമൂട് സ്വദേശിയ കിരണ്‍ ആഴിമലയിലെ ഫേസ്ബുക്ക് സുഹൃത്തിനെ കാണാനെത്തിയത്. വീടിന് മുന്നിലെത്തി മടങ്ങുന്നതിനിടെ കിരണിനെയും സുഹൃത്തുക്കളെയും പെൺകുട്ടിയുടെ സഹോദരനും രണ്ട് ബന്ധുക്കളും പിന്തുടര്‍ന്ന് പിടികൂടി. കിരണിനെ ബൈക്കിലും സുഹൃത്തുക്കളെ കാറിലും കയറ്റി ആഴിമല ഭാഗത്തേക്ക് കൊണ്ടുപോകുകയായിരുന്നു. ബൈക്കിൽ കയറിയ കിരൺ ആഴിമലയിൽ എത്തിയില്ലെന്നും ബൈക്കിൽ നിന്ന് ഇറങ്ങി ഓടിയെന്ന് പിടിച്ച് കൊണ്ടുപോയവര്‍ പറഞ്ഞെന്നുമാണ് കൂട്ടുകാരുടെ മൊഴി.
ഇതോടെ കിരണിന്‍റെ തിരോധാനവുമായി ബന്ധപ്പെട്ട കേസ് അസ്വാഭാവിക മരണവുമായി ബന്ധപ്പെട്ട വകുപ്പുകൾ ചുമത്തും. കിരണിനെ ബൈക്കിൽ കയറ്റി കൊണ്ടുപോയ രാജേഷ് കഴിഞ്ഞ ദിവസം അറസ്റ്റിലായിരുന്നു. രാജേഷ് കൊണ്ടുപോയ ശേഷമാണ് കിരണിനെ കാണാതാകുന്നത്. ഫെയ്സ്ബുക്ക് വഴി പരിചയപ്പെട്ട പെൺകുട്ടിയെ കാണാൻ വന്ന കിരണിനെ പെൺകുട്ടിയുടെ ചേച്ചിയുടെ ഭർത്താവായ രാജേഷും മറ്റ് രണ്ട് പേരും ചേർന്ന് മർദ്ദിച്ചിരുന്നു. ഇതിന് ശേഷം തട്ടി കൊണ്ടുപോവുകയായിരുന്നു.