കണ്ണൂർ: കേന്ദ്ര ഉപരിതല ഗതാഗത വകുപ്പ് മന്ത്രി നിതിൻ ഗഡ്കരി മഹാനായ മനുഷ്യനാണെന്ന് പ്രശംസിച്ച് കേരള മുഖ്യമന്ത്രി പിണറായി വിജയൻ. കേരളത്തിലെ ദേശീയ പാത വികസനവുമായി ബന്ധപ്പെട്ട് നിതിൻ ഗഡ്കരിയിൽ നിന്ന് നല്ല സഹകരണം ഉണ്ടായെന്ന് അദ്ദേഹം പറഞ്ഞു. മുഴപ്പിലങ്ങാട് ധർമ്മടം ബീച്ച് ടൂറിസം വികസന പദ്ധതിക്ക് തറക്കല്ലിട്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
വികസനം ഇപ്പോൾ വേണ്ടെന്ന നിലപാടാണ് ചിലർക്കെന്ന് മുഖ്യമന്ത്രി കുറ്റപ്പെടുത്തി. നാടിന് ആവശ്യമുള്ള പദ്ധതിയുടെ കൂടെ നിൽക്കാൻ ചിലർക്ക് കഴിയുന്നില്ല. വികസനത്തിന്റെ ഗുണം ജനങ്ങൾക്കാണെന്ന് മനസിലാക്കാൻ ഇവർക്ക് കഴിയുന്നില്ല. കിഫ്ബി പുനരുജ്ജീവിപ്പിക്കാൻ നോക്കിയപ്പോൾ മലർപ്പൊടിക്കാരന്റെ സ്വപ്നം എന്ന് കളിയാക്കി. എന്നാൽ കിഫ്ബി കൊണ്ടുളള വികസനം നാട് കണ്ടുവെന്നും അദ്ദേഹം പറഞ്ഞു. അടുത്ത ഐ ടി പാർക്ക് ഉടൻ കേരളത്തിൽ എത്തുമെന്നും അദ്ദേഹം പറഞ്ഞു.
വികസനവുമായി ബന്ധപ്പെട്ട കാര്യങ്ങളിൽ എല്ലാവരും ഒന്നിച്ച് നിൽക്കേണ്ടതാണ്. ചില പദ്ധതികൾ എടുത്താൽ അത് ആവശ്യമാണോയെന്ന് ആരോട് ചോദിച്ചാലും അത് ആവശ്യമാണെന്നും നാളേക്ക് വേണ്ടതാണെന്നും നാടിന് നാളെ വികസിത നാടായി മാറാൻ ഇതില്ലാതെ പറ്റില്ലെന്നും പറയും. എന്നാൽ ചിലർ ഇപ്പോൾ വേണ്ടെന്ന് പറയും. ഇപ്പോഴല്ലെങ്കിൽ പിന്നെപ്പോഴാണ്? അത് വളരെ പ്രധാനപ്പെട്ട പ്രശ്നമാണ്.
ദേശീയപാതയുടെ ഉദാഹരണം മാത്രമെടുക്കാം. ദേശീയപാത കേരളത്തിലൊഴികെ മറ്റെല്ലായിടത്തും നല്ല രീതിയിൽ വികസിച്ചു. കേരളത്തിലെ റോഡിനെ കുറിച്ച് എല്ലാവർക്കും പരാതി ഉണ്ടായിരുന്നു. ആർക്കാണ് അതിൽ ഇടപെടാനും നാടിന്റെ ആവശ്യം നിറവേറ്റാനും മുൻകൈ എടുക്കാൻ കഴിയുക? അതെപ്പോഴും സർക്കാരിന്റെ പ്രാഥമികമായ ഉത്തരവാദിത്തമാണ്. നാടിന്റെ വികസനം ഇന്ന് ജീവിച്ചിരിക്കുന്നവരെ കണ്ടുകൊണ്ട് മാത്രമല്ല, നാളത്തെ പൗരന്മാരെയും ഇന്നത്തെ കുഞ്ഞുങ്ങളെയും കണ്ടുള്ളതാണ്.
കേരളം ജനസാന്ദ്രതയുള്ള സംസ്ഥാനമായതിനാൽ ഭൂമി ഏറ്റെടുക്കുന്നതിന് പ്രയാസങ്ങളുണ്ട്. ഈ നാട്ടിൽ ഒന്നും നടക്കില്ലെന്ന് പറഞ്ഞ് നാഷണൽ ഹൈവേ അതോറിറ്റി ഓഫീസ് പൂട്ടി സ്ഥലം വിട്ട ശേഷമാണ് നാടിന്റെ ആവശ്യമാണ് ഇതെന്നും നാളേക്ക് വേണ്ടതാണെന്നും കണ്ട് 2016 ൽ അധികാരത്തിലെത്തിയ ഇടത് സർക്കാർ ഇടപെട്ടത്. അന്നും എതിർപ്പുകളുണ്ടായി. നമ്മുടെ സംസ്ഥാനത്തിന് പുറത്ത് എല്ലായിടത്തും ഭൂമി ഏറ്റെടുക്കാനടക്കം കേന്ദ്രം പണം കൊടുത്തു. എന്നാൽ 2016 ആയപ്പോഴേക്കും കേന്ദ്രം നിലപാട് മാറ്റി. ഭൂമി സംസ്ഥാന സർക്കാർ ഏറ്റെടുക്കണം എന്ന് പറഞ്ഞു.
തർക്കിക്കാൻ ധാരാളം അവസരം ഉണ്ടായിരുന്നു. എന്നാൽ അവർ പിന്മാറിയില്ല. നിതിൻ ഗഡ്കരി മഹാമനസ്കനായിരുന്നു. അദ്ദേഹവുമായി നടത്തിയ ചർച്ചയിൽ ഭൂമി ഏറ്റെടുക്കുന്നതിന്റെ 25 ശതമാനം തുക സംസ്ഥാനം നൽകാമെന്ന് ധാരണയായി. യഥാർത്ഥത്തിൽ അത് നമുക്കുണ്ടായ പിഴയാണ്. ചെയ്യേണ്ട കാര്യം ചെയ്യേണ്ട സമയത്ത് ചെയ്യാത്തത് കൊണ്ട് വന്ന പിഴയാണ്.