തിരുവനന്തപുരം: തദ്ദേശ സ്ഥാപനങ്ങളുമായി സഹകരിച്ച് കെഎസ്ആർടിസി ആരംഭിക്കുന്ന ഗ്രാമവണ്ടി പദ്ധതിക്ക് ഈ മാസം 29ന് തുടക്കമാകും. തിരുവനന്തപുരം ജില്ലയിലെ പാറശ്ശാലയിലെ കൊല്ലയിൽ ഗ്രാമ പഞ്ചായത്താണ് ആദ്യ ഗ്രാമവണ്ടി സ്പോൺസർ ചെയ്യുന്നത്. തദ്ദേശ വകുപ്പ് മന്ത്രി എം.വി.ഗോവിന്ദൻ പദ്ധതിയുടെ സംസ്ഥാന തല ഉദ്ഘാടനം നിർവഹിക്കും. ഗതാഗത മന്ത്രി ആന്റണി രാജു ആദ്യ സർവീസിന് ഫ്ലാഗ് ഓഫ് ചെയ്യും. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുമായി ചേർന്ന് പൊതുഗതാഗത സൗകര്യം കുറവുള്ള സ്ഥലങ്ങളിലേക്കും, ഗ്രാമപ്രദേശങ്ങളിലേക്കും, സാമൂഹികമായി പിന്നാക്കം നിൽക്കുന്ന മേഖലകളിലേക്കും പൊതു ഗതാഗത സൗകര്യം ലഭ്യമാക്കുന്നതിന് ആരംഭിക്കുന്ന പ്രത്യേക കെഎസ്ആർടിസി ബസ് സർവീസാണ് ’ഗ്രാമവണ്ടി’.
നിലവിൽ ഇന്ധന ചെലവിന് പോലും വരുമാനമില്ലാത്ത സർവീസുകളാണ് ഗ്രാമവണ്ടി സർവീസ് ആക്കി മാറ്റുന്നത്. ഈ സർവീസ് നടത്തുന്ന ബസുകൾക്ക് ഡീസലോ, അതിന് ആവശ്യമായ തുകയോ തദ്ദേശ സ്ഥാപനങ്ങൾ നൽകും. ഗ്രാമവണ്ടിയിലെ ജീവനക്കാരുടെ താമസം, പാർക്കിംഗ് സുരക്ഷ എന്നിവ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളാണ് വഹിക്കുക. വാഹനം, ജീവനക്കാരുടെ ശമ്പളം, മെയിന്റനൻസ്, സ്പെയർ പാർട്സുകൾ, ഇൻഷുറൻസ് എന്നിവയുടെ ചെലവ് കെഎസ്ആർടിസി വഹിക്കും.
തദ്ദേശ സ്ഥാപനങ്ങൾക്ക് പുറമെ, സ്വകാര്യ വ്യക്തികൾക്കും സ്ഥാപനങ്ങൾക്കും ഗ്രാമവണ്ടി ബസുകൾ സ്പോൺസർ ചെയ്യാനാകും. സ്പോൺസൺ ചെയ്യുന്നവരുടെ പരസ്യങ്ങൾ ബസുകളിൽ പ്രദർശിപ്പിക്കുകയും ചെയ്യും. മലപ്പുറം ജില്ലയിലെ എടവണ്ണ, തൃശ്ശൂരിലെ എളവള്ളി, ആലപ്പുഴയിലെ പത്തിയൂർ എന്നിവിടങ്ങളിൽ ഓഗസ്റ്റ് മാസത്തിൽ ഗ്രാമവണ്ടികളുടെ സർവീസ് ആരംഭിക്കും. നിലവിൽ ഗ്രാമീണ മേഖലകളിൽ പലയിടത്തും കെഎസ്ആർടിസി സർവീസുകൾ വൻ നഷ്ടത്തിലാണ് ഓപ്പറേറ്റ് ചെയ്യുന്നത്. തദ്ദേശ സ്ഥാപനങ്ങളും സ്വകാര്യ വ്യക്തികളും ബസുകൾ സ്പോൺസർ ചെയ്യുന്നതിലൂടെ ഈ പ്രതിസന്ധി മറികടക്കാമെന്ന കണക്കുകൂട്ടലിലാണ് കെഎസ്ആർടിസി.