കോഴിക്കോട്: മാധ്യമപ്രവര്‍ത്തകന്‍ കെ എം ബഷീറിനെ കാറിടിച്ചു കൊലപ്പെടുത്തിയ കേസില്‍ വിചാരണ നേരിടുന്ന ശ്രീറാം വെങ്കിട്ടരാമനെ ആലപ്പുഴ ജില്ലാകലക്ടറായി നിയമിച്ച നടപടിയില്‍ പ്രതിഷേധിച്ച് കേരള മുസ്ലിം ജമാഅത്തിന്റെ നേതൃത്വത്തില്‍ തിരുവനന്തപുരത്ത് സെക്രട്ടറിയേറ്റിലേക്കും മറ്റു ജില്ലകളില്‍ കലക്ട്രേറ്റുകളിലേക്കും ജൂലൈ 30 ശനിയാഴ്ച മാര്‍ച്ച് നടക്കും.
രാവിലെ 11 മണിക്ക് നടക്കുന്ന മാര്‍ച്ചില്‍ എസ് വൈ എസ്, എസ് എസ് എഫ് പ്രവര്‍ത്തകരും അണിചേരും. ജുഡീഷ്യല്‍ മജിസ്ട്രേറ്റിന്റെ അധികാരമുള്ള കലക്ടറായി നരഹത്യ കേസ് പ്രതിയായ ശ്രീറാമിനെ നിയമിച്ചതിനെതിരെ ശക്തമായ പ്രക്ഷോഭപരിപാടികള്‍ നടത്തുമെന്ന് നേരത്തെ മുസ്ലിം ജമാഅത്ത് പ്രഖ്യാപിച്ചിരുന്നു.
ഇതിൻ്റെ ആദ്യഘട്ടമായാണ് കലക്ട്രേറ്റ് മാര്‍ച്ച് സംഘടിപ്പിക്കുന്നത്. തിരുവനന്തപുരത്ത് കേരള മുസ്ലിം ജമാഅത്ത് സംസ്ഥാന സെക്രട്ടറി എം സൈഫുദ്ദീന്‍ ഹാജി മാര്‍ച്ചിനെ അഭിസംബോധന ചെയ്യും. കളക്ടറായുള്ള ശ്രീറാമിൻ്റെ നിയമനം കേസ് അട്ടിമറിക്കുന്നതിന്റെ ഭാഗമാണോ എന്ന സംശയം ഉന്നയിച്ചു കൊണ്ടാണ് സുന്നി സംഘടനകള്‍ പ്രക്ഷോഭരംഗത്തിറങ്ങിയത്.
കുറ്റകൃത്യം ചെയ്ത പ്രതി നിയമത്തെ വെല്ലുവിളിക്കുകയും തെളിവുകള്‍ നശിപ്പിച്ചയാളുമാണ് എന്നിരിക്കെ പ്രതിക്ക് ഉന്നത വിധി ന്യായാധികാരമുള്ള സ്ഥാനങ്ങള്‍ നല്‍കിയത് ഒരു നിലക്കും കേരളീയ സമൂഹത്തിന് അംഗീകരിക്കാന്‍ കഴിയുന്നതല്ലെന്നും. സര്‍ക്കാര്‍ തീരുമാനം അടിയന്തിരമായി പുനഃപരിശോധിക്കണമെം കേരള മുസ്ലിം ജമാഅത്ത് നേതാവ് എസ്.ശറഫുദ്ദീൻ വാർത്താക്കുറിപ്പിൽ പറഞ്ഞു.