ന്യൂഡൽഹി : മങ്കിപോക്സിനെതിരായ വാക്സീൻ വികസിപ്പിക്കാനുള്ള നീക്കവുമായി കേന്ദ്രസർക്കാർ രംഗത്ത്. ഇതുമായി ബന്ധപ്പെട്ട് കേന്ദ്രം വിവിധ മരുന്നു കമ്പനികളുമായി ചർച്ച തുടങ്ങി. അടുത്ത മാസം പത്തിനകം കമ്പനികൾക്ക് താൽപര്യ പത്രം സമർപ്പിക്കാം. രാജ്യത്ത് മങ്കിപോക്സ് കേസുകൾ വർധിക്കുന്ന സാഹചര്യത്തിലാണ് കേന്ദ്രസർക്കാർ തീരുമാനം.
കേരളം ഉൾപ്പെടെ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ കേസുകൾ ഇതിനോടകം റിപ്പോർട്ട് ചെയ്തിട്ടുണ്ട്. കേരളത്തിൽ ഇതുവരെ മൂന്നു പേർക്കാണ് മങ്കിപോക്സ് സ്ഥിരീകരിച്ചത്. ഉത്തർപ്രദേശിൽ മൂന്നു പേർക്ക് മങ്കിപോക്സ് ലക്ഷണങ്ങൾ കണ്ടെത്തിയിരുന്നു. ഗാസിയാബാദ് സ്വദേശികളായ രണ്ടു പേരെ കടുത്ത പനിയും ദേഹത്ത് കുമിളകളുമായി ഡൽഹി എൽഎൻജിപി ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഒരാൾ ഒരു മാസം മുൻപ് വിദേശത്തുനിന്ന് എത്തിയതാണ്.
ഔറയ്യയിലും സമാന ലക്ഷണങ്ങളുമായി ഒരാൾ ചികിത്സ തേടിയിട്ടുണ്ട്. മൂന്നു പേരുടെയും സാംപിളുകൾ പുണെ വൈറോളജി ലാബിലേക്ക് പരിശോധനയ്ക്കായി അയച്ചു. ഇവരുടെ സമ്പർക്ക പട്ടിക തയ്യാറാക്കി വരികയാണ്. അതേസമയം, കുവൈറ്റിൽ നിന്ന് ഹൈദരാബാദിലെത്തിയ 40 വയസുകാരനെ ബാധിച്ചത് മങ്കിപോക്സ് അല്ലെന്ന് സ്ഥിരീകരിച്ചു.