ന്യൂഡൽഹി: സുപ്രീം കോടതി പരിസരത്ത് കണിക്കൊന്ന നടാൻ ഡൽഹി വനം വകുപ്പിനോട് ആരാഞ്ഞ് ഡൽഹി ഹൈക്കോടതി. ഡൽഹി ഹൃദയത്തിലാണ് സുപ്രീം കോടതി സ്ഥിതി ചെയ്യുന്നത്. കണിക്കൊന്ന പൂക്കുന്ന കാഴ്ച ദൃശ്യവിരുന്നായത് കൊണ്ടാണ് ഈ വൃക്ഷം നിർദേശിച്ചിരിക്കുന്നത്.
പൊതുമരാമത്തിന്‍റെ ഭാഗമായ 600 മീറ്റർ പരിസരത്ത് 60 മരങ്ങൾ മാത്രമാണുള്ളതെന്നും ഇവിടെ ധാരാളം വൃക്ഷങ്ങൾ പിടിപ്പിക്കാമെന്നും ജസ്റ്റിസ് നജ്മി വാസിരി പറഞ്ഞു. സുപ്രീം കോടതി നിൽക്കുന്ന പരിസരം പണ്ട് വനപ്രദേശമായിരുന്നു എന്നതിനാൽ പരമാവധി പച്ചപ്പ് കൊണ്ടുവരാനാണ് ലക്ഷ്യം വെക്കുന്നത്. പൊതുമരാമത്ത് പണികൾ നടന്നത് കാരണം വികാസ് മാർഗിലുള്ള മരങ്ങൾക്ക് കേടുപാടുകൾ വന്നുവെന്ന് കാട്ടി നീരജ് ശർമ എന്ന ഹരിത ആക്ടിവിസ്റ്റ് കോടതിയിൽ നൽകിയ പരാതി പരിഗണിക്കവെയാണ് സുപ്രീം കോടതി പരിസരത്ത് കണിക്കൊന്ന നടുന്നതിനെ കുറിച്ച് കോടതി നിർദേശിച്ചത്.