റിയാദ്: സൗദി തലസ്ഥാനമായ റിയാദിലെ ഇന്ത്യന്‍ എംബസിയില്‍ തൊഴില്‍ അവസരം. എംബസിക്ക് കീഴിലുള്ള പ്രവാസി ഭാരതീയ സഹായക് കേന്ദ്രത്തിലെ ക്ലര്‍ക്കുമാരുടെ രണ്ട് ഒഴിവുകളിലേക്കാണ് കഴിഞ്ഞ ദിവസം എംബസി അപേക്ഷ ക്ഷണിച്ചത്. താത്കാലിക അടിസ്ഥാനത്തിലായിരിക്കും നിയമനമെന്ന് അറിയിപ്പില്‍ പറയുന്നു.
അംഗീകൃത സര്‍വകലാശാലയില്‍ നിന്ന് ഏതെങ്കിലും വിഷയത്തില്‍ നേടിയ ബിരുദമാണ് യോഗ്യത. അധിക യോഗ്യതയുള്ളവര്‍ അപേക്ഷിക്കേണ്ടതില്ലെന്ന് അറിയിച്ചിട്ടുണ്ട്. കംപ്യുട്ടര്‍ ഉപയോഗത്തില്‍ പ്രാവീണ്യമുണ്ടായിരിക്കണം. ഇംഗീഷ് ഭാഷ എഴുതാനും സംസാരിക്കാനും സാധിക്കണം. അറബി ഭാഷയിലുള്ള അറിവ് അഭികാമ്യം. 21നും 40നും ഇടയില്‍ പ്രായമുള്ളവര്‍ക്കാണ് അപേക്ഷിക്കാന്‍ അര്‍ഹത. 2022 ജൂലൈ ഒന്ന് അടിസ്ഥാനപ്പെടുത്തിയായിരിക്കും പ്രായം കണക്കാക്കുക.
4000 റിയാലാണ് പ്രതിമാസ ശമ്പളം. എംബസിയുടെ ഔദ്യോഗിക വെബ്‍സൈറ്റായ www.eoiriyadh.gov.in സന്ദര്‍ശിച്ച് ഓണ്‍ലൈനായി അപേക്ഷ നല്‍കാം. വിദ്യാഭ്യാസ യോഗ്യതകള്‍ തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകള്‍, മാര്‍ക്ക് ലിസ്റ്റുകള്‍, പ്രവൃത്തി പരിചയം അല്ലെങ്കില്‍ പ്രത്യേക പരിശീലനം എന്നിവയുടെ സര്‍ട്ടിഫിക്കറ്റുകള്‍ തുടങ്ങിയവ അപേക്ഷയോടൊപ്പം സമര്‍പ്പിക്കണം.
അപേക്ഷകള്‍ സമര്‍പ്പിക്കേണ്ട അവസാന തീയ്യതി 2022 ഓഗസ്റ്റ് ഏഴ് ആണ്. എഴുത്തു പരീക്ഷയുടെയും ഇന്റര്‍വ്യൂവിന്റെയും തീയ്യതികള്‍ പിന്നീട് അറിയിക്കും. തെറ്റായ വിവരങ്ങള്‍ ഉള്‍പ്പെടുത്തിയതോ ആവശ്യമായ രേഖകള്‍ ഉള്‍പ്പെടാത്തതോ ആയോ അപേക്ഷകള്‍ നിരസിക്കപ്പെടും.