ദില്ലി: അധിർ രഞ്ജന്‍ ചൗധരിയുടെ രാഷ്ട്രപത്നി പരാമർശത്തില്‍ ഇന്നും പാർലമെന്‍റ് സ്തംഭിച്ചു. വര്‍ഷകാല സമ്മേളതനത്തിന്‍റെ പത്താം ദിവസവും പ്രക്ഷോഭ വേദിയായി പാര്‍ലമെന്‍റ് മാറി. രണ്ട് തവണ ചേർന്നപ്പോഴും ഭരണപക്ഷവും പ്രതിപക്ഷവും ബഹളം തുടര്‍ന്നതോടെ ഇരു സഭകളും തിങ്കളാഴ്ചത്തേക്ക് പിരിഞ്ഞു. സഭ നിര്‍ത്തിവെച്ചപ്പോള്‍ പാർലമെന്‍റിന് പുറത്തെ ഗാന്ധി പ്രതിമക്ക് മുന്‍പിലും എംപിമാർ പ്രതിഷേധിച്ചു. രാഷ്ട്രപത്നി വിവാദത്തിനിടെ സോണിയഗാന്ധിയോട് കയർത്ത കേന്ദ്രമന്ത്രി സ്മൃതി ഇറാനി മാപ്പ് പറയണമെന്ന് ആവശ്യപ്പെട്ടായിരുന്നു സഭയിലെ കോണ്‍ഗ്രസ് പ്രതിഷേധം.
അധിർ രഞ്ജൻ ചൗധരിയുടെ രാഷ്ട്രപത്നി വിവാദത്തില്‍ കോണ്‍ഗ്രസിനെ പ്രതികൂട്ടില്‍ നിര്‍ത്തുന്നതിനിടെ കേന്ദ്ര അഭ്യന്തരമന്ത്രി അമിത് ഷാ രാവിലെ രാഷ്ട്രപതി ദ്രൗപദി മുർമുവിനെ സന്ദര്‍ശിച്ചു. സഹമന്ത്രിമാരോടൊപ്പം കേന്ദ്രമന്ത്രി സ്മൃതി ഇറാനിയും രാഷ്ട്രപതിയെ കാണാനെത്തി. ഭരണഘടപദവി വഹിക്കുന്നവർ സ്ത്രീയായാലും പുരുഷനായാലും ഒരേ പോലെ ബഹുമാനിക്കേണ്ടതുണ്ടന്നതായിരുന്നു വിമത കോണ്‍ഗ്രസ് നേതാവ് മനീഷ് തിവാരിയുടെ വിമർശനം. എന്നാല്‍ വിലക്കയറ്റവും നാണ്യപെരുപ്പവും പാർലമെന്‍റില്‍ ചർച്ച ചെയ്യാതിരിക്കാൻ രാഷ്ട്രപത്നി വിവാദം ബിജെപി ഉപയോഗിക്കുകയാണെന്ന് രാജ്യസഭ പ്രതിപക്ഷ നേതാവ് മല്ലികാർജ്ജുന്‍ ഖാര്‍ഗെ പ്രതികരിച്ചു.