പത്തനംതിട്ട: രാജ്യത്ത് ആദ്യമായി എല്ലാ വീടുകളിലും പൈപ്പിൽ കുടിവെള്ളം എത്തുന്ന ജില്ല എന്ന പദവിയിലേക്ക് മധ്യപ്രദേശിലെ ബുർഹാൻപുർ. 2019ൽ ജൽജീവൻ മിഷനു കേന്ദ്ര സർക്കാർ തുടക്കമിടുമ്പോൾ ഈ ജില്ലയിലെ ഏകദേശം 37,000 വീടുകളിൽ മാത്രമായിരുന്നു പൈപ്പ് ജലം എത്തിയിരുന്നത്. 34 മാസങ്ങൾക്കു ശേഷം ഈ ജില്ലയിലെ 254 ഗ്രാമങ്ങളിലായുള്ള ഏകദേശം ഒരുലക്ഷത്തോളം വീടുകളിലും എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങളിലും സർക്കാർ ഓഫിസുകളിലും ശുദ്ധജലമെത്തി.
കരാറുകാരനു പദ്ധതിയുടെ തുക അനുവദിക്കണമെങ്കിൽ, റോഡുകളിലും മറ്റും എടുത്ത പൈപ്പ്‌കുഴി നികത്തി വഴികൾ ഉന്നത നിലവാരത്തിൽ സഞ്ചാര യോഗ്യമാക്കിയെന്നു ഗ്രാമസഭകൾ സർട്ടിഫിക്കറ്റ് നൽകണം. ഓരോ വില്ലേജിലെയും വാട്ടർ–സാനിട്ടേഷൻ കമ്മിറ്റികളാണ് ഇനി അറ്റകുറ്റപ്പണി നടത്തുന്നതും യൂസർഫീസ് പിരിച്ച് ശമ്പളച്ചെലവിന് ആവശ്യമായ തുക കണ്ടെത്തുന്നതും.
പ്രധാനമന്ത്രി നരേന്ദ്ര മോദി തുടക്കമിട്ട ജൽ ജീവൻ മിഷനാണ് ഹർ ഘർ ജൽ (ഓരോ വീട്ടിലും ജലം) നടപ്പാക്കിയത്. 2024 ആകുമ്പോൾ എല്ലാ വീടുകളിലും ജലം എത്തിക്കുക എന്നതാണ് ലക്ഷ്യം. പദ്ധതി നടത്തിപ്പിൽ തമിഴ്നാടും മറ്റും ഏറെ മുന്നേറുന്നതായി കണക്കുകളിൽ വ്യക്തമാകുന്നു. കേരളവും 2024 ലക്ഷ്യമാക്കി ജൽ ജീവൻ മിഷൻ പ്രവർത്തനങ്ങൾക്ക് ഗതിവേഗം വർധിപ്പിക്കാനുള്ള ശ്രമത്തിലാണ്. സംസ്ഥാനത്തിന്റെ പല ഭാഗത്തും പൈപ്പ് ഇടലിനായി റോഡുകൾ കുഴിച്ചിടുന്നതും മറ്റും ജൽ ജീവൻ മിഷന്റെ ഭാഗമായാണ്.