ബാർസിലോന : ലോക പ്രശസ്ത പോപ് ഗായിക ഷക്കീറ സ്പെയിനിൽ നികുതി വെട്ടിപ്പ് നടത്തിയതായി ആരോപണം. ഇതുമായി ബന്ധപ്പെട്ട് ഷക്കീറയ്ക്ക് എട്ടു വർഷമോ അതിലധികമോ തടവു ശിക്ഷ ലഭിച്ചേക്കുമെന്നാണ് റിപ്പോർട്ട്. സ്പാനിഷ് ടാക്സ് ഏജൻസി ഉയർത്തിയ ആരോപണത്തിൽ വിചാരണ നടത്താനൊരുങ്ങുകയാണ് സ്പെയിനിലെ കോടതി.
2012– 14 കാലയളവിൽ ഷക്കീറ സമ്പാദിച്ച 14.7 ദശലക്ഷം ഡോളറിൽ നികുതി വെട്ടിപ്പു നടത്തിയെന്നാണ് സ്പാനിഷ് ടാക്സ് ഓഫിസിന്റെ ആരോപണം. ഈ കാലയളവിൽ പങ്കാളിയായിരുന്ന പീക്കേയ്ക്കൊപ്പം ഷക്കീറ സ്പെയിനിലാണ് താമസിച്ചിരുന്നത്. വിഷയം സംസാരിച്ച് ഒത്തുതീർപ്പാക്കാൻ കോടതി അവസരം നൽകിയെങ്കിലും ഷക്കീറ നിരസിക്കുകയും വിചാരണ നേരിടാൻ തയാറാണെന്ന് അറിയിക്കുകയുമായിരുന്നെന്നാണ് റിപ്പോർട്ട്.
ഷക്കീറ തന്റെ നിരപരാധിത്വം തെളിയിക്കാൻ ആഗ്രഹിക്കുന്നു. അതിനാൽ ഈ വിഷയം നിയമത്തിനു വിടുന്നു എന്നാണ് ഷക്കീറയുടെ പിആർ സ്ഥാപനം അറിയിച്ചത്. സ്പാനിഷ് ടാക്സ് ഏജൻസി ആവശ്യപ്പെട്ട നികുതിപ്പണം ഷക്കീറ അടച്ചിട്ടുണ്ടെന്നും അതിൽ ഇനി കടമൊന്നുമില്ലെന്നും അവർ വ്യക്തമാക്കി.